ന്യൂദല്‍ഹി- മറ്റൊരു യുവാവുമായുള്ള രഹസ്യ ബന്ധം കണ്ടെത്തിയ കാമുകനെ കൊലപ്പെടുത്തി യമുനാ നദിയില്‍ തള്ളിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഡോളി ചൗധരി എന്ന 20കാരി ഏതാനും വര്‍ഷങ്ങളായി സുശീല്‍ കുമാര്‍ എന്ന 23കാരനുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി മോഹിത് മാവി എന്ന മറ്റൊരു യുവാവിനൊപ്പം ഒന്നിച്ചു ജീവിച്ചു തുടങ്ങി. ഇത് എതിര്‍ത്ത സുശീല്‍ കുമാര്‍ നഗ്ന ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തിരുന്നു. ഇതാണ് സുശീല്‍ കുമാറിനെ കൊലപ്പെടുത്താന്‍ ഡോളിയെ പ്രേരിപ്പിച്ചത്. ഗുഡ്ഗാവില്‍ യുവതിക്ക് ജോലി തരപ്പെടുത്തി നല്‍കിയതിനെ തുടര്‍ന്നാണ് മോഹിത് മാവിയുമായി അടുപ്പത്തിലായത്.
സുശീല്‍ കുമാറിനെ കാണാനില്ലെന്നു കാണിച്ച് പിതാവ് ഓഗസ്റ്റ് 16ന് പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തട്ടിക്കൊണ്ടു പോകല്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് ഡോളിയെ കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നിരന്തര ചോദ്യം ചെയ്യലിനിടെ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ഇതിനിടെ യുവതിയുടെ പുതിയ കാമുകനായ മോഹിത് മാവിയുടെ ഭാര്യ ഭര്‍ത്താവിന്റെ അവിഹിത ബന്ധമറിഞ്ഞ് ജീവനൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാര്യ വീട്ടുകാരുടെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ മോഹിത് ബംഗളുരൂവിലേക്ക് മുങ്ങിയിരുന്നെങ്കിലും ഡോളിയുമായുള്ള ബന്ധം തുടര്‍ന്നിരുന്നതായും പോലീസ് പറഞ്ഞു.
ഡോളി മോഹിതിനെ വിവാഹം ചെയ്യുമെന്ന് സംശയിച്ച സുശീല്‍ കുമാര്‍ ഓഗസ്റ്റ് 11ന് ഡോളിയെ മഥുരയിലേക്ക് വിളിച്ചു വരുത്തി കണ്ടിരുന്നു. ഈ അവസരം മുതലെടുത്ത് ഡോളി തന്റെ പ്രതിശ്രുത വരനായ മനീഷ് ചൗധരി എന്ന യുവാവിനെ ഉപയോഗിച്ച് മയക്കു ഗുളികള്‍ സംഘടിപ്പിച്ചു. മഥുരയില്‍ കണ്ടുമുട്ടിയ ഇരുവരും പലയിടങ്ങളിലും കറങ്ങിയ ശേഷം ഹോട്ടലില്‍ മുറിയെടുത്തു തങ്ങി. ഇതിനിടെയാണ് രഹസ്യമായി മയക്കു ഗുളികള്‍ പാനീയത്തില്‍ കലര്‍ത്തി ഡോളി സുശീല്‍ കുമാറിനു നല്‍കിയത്. അബോധാവസ്ഥയിലായ സുശീല്‍ കുമാറിനെ മഥുരയിലെ യമുനാ നദിയില്‍ കൊണ്ടു പോയി തള്ളുകയായിരുന്നു യുവതിയെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മന്‍ദീപ് സിങ് റണ്‍ധവ പറഞ്ഞു.