ഇടുക്കി - പ്രതിസന്ധിയെ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലുള്ള തൊടുപുഴ ലീഗല്‍ മെട്രോളജി സഹകരണ സംഘത്തില്‍ യുവാവിന്റെ ആത്മഹത്യശ്രമം, പെട്രോളും പടക്കവൂമായെത്തി ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷന് സമീപമുള്ള ബാങ്കിനെയും പരിസരത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ മുട്ടം ചൊളളമാറ്റത്തില് പ്രസാദിനെ പോലീസും ഫയര്‍ ഫോഴ്സും ഏറെ പണിപ്പെട്ടു കീഴ്പ്പെടുത്തി. ഇയാള്‍ക്ക് ബാങ്കില്‍ അഞ്ച് ലക്ഷം രൂപയുടെ ചിട്ടി ഉണ്ട്.
വട്ടമെത്താത്ത ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഇയാള്‍ തിങ്കളാഴ്ച ബാങ്കില്‍ എത്തിയിരുന്നു. ഇതിന് അഡ്മിനിസ്ടറ്റീവ് ബോഡിയുടെ അനുമതി വേണം എന്ന് മാനേജര്‍ അറിയിച്ചു. ക്ഷുഭിതനായി തിരികെ പോയ ഇയാള്‍ ഇന്നു രാവിലെ 11.30ഓടെ ബാങ്കില്‍ എത്തി. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തും ബാങ്കിലും ഒഴിച്ചു. ഒരു പടക്കവും കയ്യിലുണ്ടായിരുന്നു. ഇത് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നിരക്ഷ സേനയോടും പോലീസിനോടും ഇയാള്‍ കയര്‍ത്തു. ഒടുവില്‍ ഒരുവിധത്തില്‍ ഇയാളെ കീഴ്പ്പെടുത്തിയതോടെയാണ് ആശങ്കക്കും ഭീതിക്കും അറുതി ആയതു. മഡോണ ടെക്സ്റ്റയി ല്സിനു എതിര്‍വശത്ത് നഗരത്തിലെ ഏറെ തിരക്കുള്ള ഭാഗത്താണ് ലീഗല്‍ മെട്രോളജി ബാങ്ക്.