ന്യൂദല്‍ഹി- പറക്കുന്നതിനിടെ വിമാനത്തില്‍ നിന്നും ആകാശത്തു വച്ചു കക്കൂസ് മാലിന്യം തുറന്നു വിട്ടാല്‍ വിമാനക്കമ്പനികള്‍ക്ക് 50,000 രൂപ പിഴ ഇടാക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) മുന്നറിയിപ്പ്. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് ഡി.ജി.സി.എ മാര്‍ഗനിര്‍ദേശം നല്‍കി. എന്നാല്‍ പറക്കുന്നതിനിടെ വിമാനങ്ങളില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം പുറന്തള്ളാന്‍ കഴിയില്ലെന്നും പിഴ മുന്നറിയിപ്പു നല്‍കിയ ഡി.ജി.സി.എ തന്നെ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ഡി.ജി.സി.എക്ക് പിഴ മുന്നറിയിപ്പ് നല്‍കേണ്ടി വന്നത്. ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് പറക്കുന്ന വിമാനങ്ങളിലെ കക്കൂസ് ടാങ്ക് തുറക്കാനാവില്ലെന്നു ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയത്. ഈ ഹര്‍ജി തീര്‍പ്പാകുന്നതു വരെ മനുഷ്യ വിസര്‍ജ്യം ആകാശത്തു വച്ചു തുറന്നു വിടരുതെന്നാണ് ഡി.ജി.സി.എ വിമാനക്കമ്പനികളെ അറിയിച്ചിരിക്കുന്നത്. ഈ പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇത് ഇടക്കാല മുന്നറിയിപ്പാണെന്നും ഇതിന്റെ കാലാവധി അന്തിമ വിധിയെ ആശ്രയിച്ചിരിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കുന്നു.