ന്യൂദല്‍ഹി- ഗുഡ്ഗാവിലെ വിവിധ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്ര, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്തു. ഭൂമിയിടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നാരോപിച്ച ഹരിയാനയിലെ നൂഹ് സ്വദേശി സുരീന്ദര്‍ ശര്‍മ നല്‍കിയ പരാതിയിലാണ് കേസെന്ന് മനേസര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ്, ഓംകരേശ്വര്‍ പ്രോപര്‍ട്ടീസ് എന്നീ സ്ഥാപനങ്ങളേയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.
വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സ്‌കൈ ഹൈ ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ സെക്ടര്‍ 83, ശികോര്‍പൂര്‍, സികന്തര്‍പൂര്‍, ഖേഡ്കി ദൗല, സിഹി എന്നിവിടങ്ങളില്‍ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങി അത് തരം മാറ്റിയ ശേഷം 55 കോടി രൂപയ്ക്ക് മറിച്ചു വിറ്റുവെന്നാണ് പരാതി. അതേസമയം ഈ ആരോപണം വദ്ര നിഷേധിച്ചു. തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തില്‍ ഇന്ധന വിലര്‍ധന അക്കമുള്ള യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും വദ്ര പ്രതികരിച്ചു.