ന്യൂദല്‍ഹി-കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാര്‍ച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നു സമരം തുടരുമെന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകസംഘടനകള്‍ രാജ്യതലസ്ഥാനം വളയല്‍ സമരം -ഡല്‍ഹി ചലോ മാര്‍ച്ച്-ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷ. യു.പി., ഹരിയാണ അതിര്‍ത്തികളടച്ച് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസിനുപുറമേ കേന്ദ്രസേനകളെയും അതിര്‍ത്തികളില്‍ വിന്യസിച്ചു. ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. യു.പി., ഹരിയാന അതിര്‍ത്തികളായ ഗാസിയാബാദ്, തിക്രി, സിംഘു എന്നിവിടങ്ങളില്‍, വഴി കോണ്‍ക്രീറ്റ് ചെയ്തുയര്‍ത്തി ഗതാഗതം വിലക്കി. ബഹുതല ബാരിക്കേഡ് നിരത്തലിനു പുറമേയാണിത്. ദല്‍ഹി ലക്ഷ്യമിട്ട് അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ഷകരെത്തി തമ്പടിക്കുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയിതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഇരുനൂറിലേറെ കര്‍ഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. കര്‍ഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.
മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് നിരോധനവുമുണ്ട്.
പഞ്ചാബില്‍ നിന്നു കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങും. 20,000ത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്റ്ററുകളിലായി ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി എത്തുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കും.