ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റിസാകും. ഒക്ടോബര്‍ മൂന്നിന് ജസ്റ്റിസ് ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. കീഴ് വഴക്ക പ്രകാരം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ഗൊഗോയിയുടെ പേര് ഉടന്‍ ശുപാര്‍ശ ചെയ്യും. 2019 നവംബര്‍ 17 വരെ ജസ്റ്റിസ് ഗൊഗായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള ഔദ്യോഗിക മറുപടി ചീഫ് ജസ്റ്റിസ് ഉടന്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജസ്റ്റിസ് ഗൊഗോയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കാലാവധി പൂര്‍ത്തിയാക്കുന്ന ഒക്ടോബര്‍ രണ്ടിന് ദേശീയ അവധി ദിനമായതിനാല്‍ മൂന്നിനായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്.
2012ലാണ് ജസ്റ്റിസ് ഗൊഗോയ് സുപ്രീം കോടതി ജഡ്ജിയായത്. വളരെ കര്‍ക്കശക്കാരനായ ജഡ്ജിയായി അറിയപ്പെടുന്ന ജസ്റ്റിസ് ഗൊഗോയ് ഏതാനും മാസം മുമ്പ് കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായി പത്ര സമ്മേളനം നടത്തിയ നാലു സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചീഫ് ജസിറ്റിസായുള്ള സ്ഥാനക്കയറ്റം സംശയത്തിലായിരുന്നു.
1954ല്‍ ജനിച്ച ജസ്റ്റിസ് ഗോഗോയ് 1978ലാണ് അഭിഷാകനായത്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010ല്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയ ജസ്റ്റിസ് ഗൊഗോയ് 2011ല്‍ അവിടെ ചീഫ് ജസ്റ്റിസുമായി. 2012 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.