മുംബൈ- സൂറത്തിൽ നിന്ന് അയോധ്യയിലേക്ക് പോകുകയായിരുന്ന അസ്ത സ്‌പെഷ്യൽ ട്രെയിനിന് നേരെ മഹാരാഷ്ട്രയിലെ നന്ദുർബാറിന് സമീപം കല്ലേറുണ്ടായതായി പോലീസ്. സംഭവത്തിൽ ആർക്കും പരിക്കില്ല. 22 കോച്ചുകളിലായി 1,344 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്.
രാത്രി 8 മണിക്ക് സൂറത്ത് റെയിൽവേ സ്‌റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10.45 ഓടെ നന്ദുർബാർ റെയിൽവേ സ്‌റ്റേഷന് സമീപം എത്തിയപ്പോൾ ചില അക്രമികൾ കല്ലെറിയുന്നതായി യാത്രക്കാർക്ക് തോന്നിയെന്നാണ് ബി.ജെ.പി എം.പി പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് യാത്രക്കാർ ഉടൻ റെയിൽവേ പോലീസിനെ അറിയിച്ചു. നന്ദുർബാർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് യാത്രക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അധികം വൈകാതെ ട്രെയിൻ യാത്ര തുടർന്നുവെന്നും പോലീസ് അറിയിച്ചു.