ഗാസ- ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് ബന്ദികള്‍ മരിച്ചതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഒബൈദ പറഞ്ഞു.
ഇതേ വ്യോമാക്രമണത്തില്‍ ഇന്നലെ രണ്ട് തടവുകാര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് നേരത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട തടവുകാരുടെ പേരുകള്‍ തല്‍ക്കാലം പുറത്തുവിടുന്നില്ലെന്നും അബു ഒബൈദ പറഞ്ഞു.
ലബനോനിലെ ഹൗലയില്‍ ഇസ്രായില്‍ നടത്തിയ ഷെല്ലാക്രമമത്തില്‍ ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി മുഹമ്മദ് മഹ്ദി കൊല്ലപ്പെട്ടതായി ലബനോന്‍ സൈന്യം അറിയിച്ചു.
റഫായിൽ കരയുദ്ധം ആരംഭിക്കുന്നതിനെതിരെ ലോക രാഷ്ട്രങ്ങൾ താക്കീത് നൽകവേ, അതിഭീകര വ്യോമാക്രമണവുമായി ഇസ്രായിൽ. വീടുകളും മസ്ജിദുകളും ലക്ഷ്യമിട്ട് റഫായിലെ ജനനിബിഢമായ പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. 67 പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്‌സും, 52 പേർ കൊല്ലപ്പെട്ടുവെന്ന് എ.എഫ്.പിയും റിപ്പോർട്ട് ചെയ്തു. ഫലസ്തീനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് രണ്ട് ഏജൻസികളുടെയും റിപ്പോർട്ടുകൾ. 14 വീടുകൾക്കും മൂന്ന് പള്ളികൾക്കും നേരെയായിരുന്നു ഇസ്രായിലി ബോംബാക്രമണമെന്ന് ഫലസ്തീനി അധികൃതർ പറഞ്ഞു. മസ്ജിദുകളിലെ ആക്രമണങ്ങളിൽ മാത്രം 63 പേർ കൊല്ലപ്പെട്ടുവെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്. നൂറിലേറെ പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് വെളിപ്പെടുത്തി. നൂറുകണക്കിന് മൃതദേഹങ്ങൾ ഗാസയിലെ ആശുപത്രികൾക്കുമുന്നിൽ പൊതിഞ്ഞുകെട്ടിവെച്ചിരിക്കുന്നതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഖാൻ യൂനിസിലെ അൽനസ്സർ ആശുപത്രിയിൽ കടന്ന ഇസ്രായിലി സൈനികർ ഏഴ് പേരെ വെടിവെച്ചുകൊന്നു.
റഫായിലെ ശരൂബ ഡിസ്ട്രിക്ടിടലുള്ള ഭീകര താവളങ്ങളിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ട് ഇസ്രായിലി ബന്ദികളെ റഫാ ഓപറേഷനിലൂടെ മോചിപ്പിച്ചതായും ഇസ്രായിൽ സൈന്യം വെളിപ്പെടുത്തി. ഒക്ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രായിലിൽനിന്ന് ഹമാസ് ബന്ദികളാക്കിയ ഫെർണാണ്ടോ സിമോൺ മർമാൻ (60), ലൂയിസ് ഹാർ (70) എന്നിവരെയാണ് മോചിപ്പിച്ചത്. ഹെലിക്കോപ്റ്ററിൽ തെൽ അവീവിലെ ഷേബ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും ആരോഗ്യനില നല്ല അവസ്ഥയിലാണെന്ന് ഇസ്രായിൽ സേന വെളിപ്പെടുത്തി. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിലെത്തി ഇരുവരെയും സന്ദർശിച്ചു.
ഗാസയിൽ കരയുദ്ധം ആരംഭിക്കുന്നപക്ഷം ബന്ദി മോചന ചർച്ചകൾ അവസാനിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണം തുടരുമെന്നാണ് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെയും പറഞ്ഞത്. സമ്പൂർണ വിജയം നേടുംവരെ ശക്തമായ സൈനിക സമ്മർദം തുർന്നാലേ, ബന്ദികളെ മുഴുവുൻ മോചിപ്പിക്കാനാവൂ എന്ന് നെതന്യാഹു പ്രസ്താവനയിൽ വെളിപ്പെടുത്തി.
എന്നാൽ 14 ലക്ഷം ഫലസ്തീനി അഭയാർഥികൾ തിങ്ങിഞെരുങ്ങി കഴിയുന്ന റഫായിൽ കരയുദ്ധം നടത്തുന്നത് ചിന്തിക്കാനാവാത്ത മാനുഷിക ദുരന്തത്തിനിടയാക്കുമെന്ന് യു.എന്നും, വിവിധ സഹായ ഏജൻസികളും മുന്നറിയിപ്പ് നൽകി. കരയുദ്ധത്തിനെതിരെ അമേരിക്കയും ബ്രിട്ടനും യൂറോപ്പും ഇസ്രായിലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിവിലിയൻമാർക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ അവസരം നൽകാതെ റഫായിൽ കരയുദ്ധം നടത്തരുതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ഇസ്രായിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,340 ആണ്.
അതിനിടെ, ശക്തമായ സമ്മർദമുണ്ടെങ്കിലും ഇസ്രായിലുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് യു.എ.ഇ വ്യക്തമാക്കി. ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ്‌സ് ഉച്ചകോടിയിൽ സംസാരിക്കവേ യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നുസൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബന്ധം ഉള്ളതുകൊണ്ടാണ് ഗാസയിൽ നമുക്കൊരു ഫീൽഡ് ആശുപത്രി ആരംഭിക്കാൻ കഴിഞ്ഞത്... അൽഅരീഷ് തുറമുഖത്ത് മാരിടൈം ഹോസ്പിറ്റൽ തുറക്കാൻ കഴിഞ്ഞത്. പക്ഷെ ഗാസയിലെ ജനങ്ങൾക്ക് ഇത് മാത്രം പോര. അവിടെ മാനുഷിക വെടിനിർത്തലും, ദ്വിരാഷ്ട്ര പരിഹാരവുമാണ് ആവശ്യമെന്നും ലന പറഞ്ഞു.