Sorry, you need to enable JavaScript to visit this website.

ശ്രീരാമന്‍ പുരാണ കഥാപാത്രമെന്ന് പറഞ്ഞു, മതം മാറ്റാന്‍ ശ്രമിച്ചു.. കത്തോലിക്കാ സ്‌കൂളിനെതിരെ വന്‍ പ്രതിഷേധം

മംഗളൂരു- ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും വിദ്യാര്‍ഥികളെ മതം മാറ്റാന്‍ പ്രേരിപ്പിച്ചെന്നും ആരോപിച്ച് കര്‍ണാടകയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലേക്ക് ഹിന്ദുത്വവാദികളുടെ പ്രതിഷേധ മാര്‍ച്ച്. കത്തോലിക്കാ ഗേള്‍സ് സ്‌കൂളിലെ അധ്യാപിക ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയും വിദ്യാര്‍ഥികളുടെ മനസ്സില്‍ ഹിന്ദുമതത്തിനെതിരെ വിഷം കലര്‍ത്തുകയും മറ്റ് മതങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് രക്ഷിതാവ് ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബില്‍ക്കിസ് ബാനുവിനേയും കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ അത് ഉയര്‍ത്തിക്കാട്ടിയെന്നും പരാതിയില്‍ പറയുന്നു. ശ്രീരാമന്‍ ഒരു പുരാണ കഥാപാത്രമാണെന്ന് അധ്യാപകരിലൊരാള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ദക്ഷിണ കന്നഡയിലെ ബിജെപി എം.എല്‍.എ വേദവ്യാസ് കാമത്തും ബജ്‌റംഗ്ദള്‍, വി.എച്ച്.പി അംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിലെത്തി അധികൃതരുമായി തര്‍ക്കിച്ചു.
'അത്തരത്തിലുള്ള ടീച്ചറെ നിങ്ങള്‍ പിന്തുണക്കാന്‍ പോകുകയാണെങ്കില്‍ അനുവദിക്കില്ല. നിങ്ങള്‍ മുഴുവന്‍ സമൂഹത്തെയും ഞങ്ങളുടെ ഹിന്ദുക്കളെയും മതപരിവര്‍ത്തനം ചെയ്യാന്‍ പോകുകയാണോ? ഇല്ലെങ്കില്‍, നിങ്ങള്‍ എന്തിനാണ് ആ അധ്യാപികയെ പിന്തുണക്കുന്നത്? അവരെ പുറത്താക്കുക- ബിജെപി എംഎല്‍എ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ശ്രീരാമനെക്കുറിച്ച് ടീച്ചര്‍ എന്താണ് പറഞ്ഞത്? നിങ്ങള്‍ക്ക് ഒരു ജനപ്രതിനിധിയെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ കുട്ടികളെ എന്തു ചെയ്യും? നിങ്ങള്‍ ആരാധിക്കുന്ന യേശു സമാധാനം ആഗ്രഹിക്കുന്നു. നിങ്ങളുടെ സഹോദരിമാര്‍ ഞങ്ങളുടെ ഹിന്ദു കുട്ടികളോട് തിലകവും പൂക്കളും കണങ്കാലുകളും കുങ്കുമവും സൂക്ഷിക്കരുതെന്ന് ആവശ്യപ്പെടുന്നു. രാമന്റെമേല്‍ പാല്‍ ഒഴിക്കുന്നത് മാലിന്യമാണെന്ന് അവര്‍ പറഞ്ഞു. എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത്? നമ്മുടെ വിശ്വാസത്തെ ആരെങ്കിലും അപമാനിച്ചാല്‍ നമ്മള്‍ മിണ്ടാതിരിക്കില്ല. ആരെങ്കിലും നിങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചാല്‍ നിങ്ങള്‍ മിണ്ടാതിരിക്കില്ലല്ലോ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഎച്ച്പി അംഗങ്ങളും വിദ്യാര്‍ഥികളും കാവി പതാക ഉയര്‍ത്തി സ്‌കൂളിന്റെ ഗേറ്റിന് പുറത്ത് 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത് വീഡിയോകളില്‍ കാണാം. സംഭവത്തില്‍ മംഗളൂരു പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപിഐ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest News