Sorry, you need to enable JavaScript to visit this website.

തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു

കൊച്ചി- തൃപ്പൂണിത്തുറ ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. സ്‌ഫോടനത്തില്‍ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് നേരത്തെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), മധുസൂദനന്‍ (60), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്. കുട്ടികളടക്കം 16 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കക്കട പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ടെമ്പോ ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലര്‍ ജീവനക്കാരായ രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

 

 

Latest News