ന്യൂദൽഹി- ഗാസയിൽ ഇസ്രായിൽ കൂട്ടക്കുരുതിക്കായി ഉപയോഗിച്ച മിലിറ്ററി ഡ്രോണുകൾ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തത്തിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനി നിർമിച്ചുനൽകിയതെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ദി വയറാണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 20 മിലിറ്ററി ഡ്രോണുകൾ ഇസ്രായിലിന് നിർമിച്ചു നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
അദാനി ഡിഫൻസ് ആന്റ് എയിറോസ്‌പേസും ഇസ്രായിലിന്റെ എൽബിറ്റ് സിസ്റ്റംസും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനി എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഡ്രോണുകൾ നിർമിച്ച് നൽകിയത്. 20 ഹെർമെസ് മിലിറ്ററി ഡ്രോണുകളാണ് നൽകിയത്. കമ്പനിയിൽ അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഫെബ്രുവരി രണ്ടിന് പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നീലം മാത്യൂസിന്റെ ഷെഫാർഡ് മീഡിയ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നുവെങ്കിലും ഇന്ത്യയോ ഇസ്രായിലോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായിൽ പ്രതിരോധ കമ്പനി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നാല് മാസമായി തുടരുന്ന ഇസ്രായിൽ കൂട്ടക്കുരുതിയിൽ ഇതുവരെ പതിനായിരം കുട്ടികളടക്കം 28000ൽ പരം നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ഈ കൂട്ടക്കുരുതിയിൽ മുഖ്യപങ്ക് വഹിച്ചത് ഹെർമസ് ഡ്രോണുകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 30 മണിക്കൂറിലധികം ദൈർഘ്യമുള്ള ഹെർമിസ് 900 ഡ്രോണുകൾ ഇസ്രായിൽ സേനയ്ക്ക് നിർണായക നിരീക്ഷണ ശേഷിയാണ് നൽകുന്നത്. നിരീക്ഷണത്തിന് പുറമെ ലേസർ ബോംബുകൾ പ്രയോഗിക്കാനും ഈ ഡ്രോണുകൾ ഉപയോഗിച്ചുവരുന്നു.