Sorry, you need to enable JavaScript to visit this website.

നേത്രാവതി എക്‌സ്പ്രസ്സിന് നീലേശ്വരത്ത് സ്‌റ്റോപ്പ്, 17 മുതല്‍ നിര്‍ത്തും

കാസര്‍കോട് - ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍  നേത്രാവതി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്‌റ്റോപ്പ് അനുവദിച്ചു. നീലേശ്വരം റെയില്‍വേ ഡെവലപ്പ്‌മെന്റ് കലക്ടീവ്  മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും നിലവില്‍ എം.പി യുമായ സദാനന്ദ ഗൗഡക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കുകയും, തുടര്‍ന്ന് എന്‍ ആര്‍ ഡി സി മുഖ്യ രക്ഷാധികാരി പി മനോജ് കുമാര്‍ റെയില്‍വേ മന്ത്രാലയത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ആണ് തീരുമാനം.

റെയില്‍വേ ബോര്‍ഡ് അംഗീകരിച്ച നേത്രാവതി  എക്‌സ്പ്രസിന്റെ നീലേശ്വരം സ്‌റ്റോപ്പ് ഫെബ്രുവരി 17 മുതല്‍. 16346 തിരുവനന്തപുരം  ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സ്  ഫെബ്രുവരി 17 ന് രാത്രി 8.32 ന് നീലേശ്വരത്ത് എത്തും. 16345 ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്സ് 18 ന് രാവിലെ 5.35 നും നീലേശ്വരത്ത് എത്തും. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും, ജില്ലയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന, നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്‍, കഴിഞ്ഞ ആറ് വര്‍ഷമായി, അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നു. ഇക്കാലയളവില്‍ റെയില്‍വേയോടൊപ്പം ചേര്‍ന്ന്, നിരവധി പദ്ധതികളാണ് എന്‍ ആര്‍ ഡി സി നടപ്പില്‍ വരുത്തിയത്. 8 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്‍ക്കിംഗ് സമുച്ചയം, ഗാന്ധിജിയുടെ നീലേശ്വരം സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം ഗാന്ധിപ്രതിമയുടെ നിര്‍മ്മാണം, കോച്ച് പൊസിഷന്‍ ബോര്‍ഡ് സ്ഥാപിച്ചത്, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവ എന്‍ ആര്‍ ഡി സി നേരിട്ട് ചെയ്ത ചില പദ്ധതികളാണ്.കോവിഡ് കാലത്ത്, ഹോപിന്റെ സഹായത്തോടെ നല്‍കിയ ഭക്ഷ്യകിറ്റുകള്‍, പ്രൊജക്റ്റ് ഷെല്‍ട്ടര്‍ എന്നിവയും നടപ്പാക്കി വരുന്നു.          

 പാലക്കാട് ഡിവിഷന് കീഴില്‍ മികച്ച റെയില്‍വേ സ്‌റ്റേഷന്‍ എന്ന നിലവാരത്തിലേക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന നീലേശ്വരം റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോം വീതി കൂട്ടി ഉയര്‍ത്തിയതും, മേല്‍ക്കൂര നിര്‍മിച്ചതും,മേല്‍ നടപ്പാലത്തില്‍ ടൈല്‍സ് പാകിയതും  എന്‍ ആര്‍ ഡി സി യുടെ ഇടപെടലിന്റെ ഭാഗമായിരുന്നു. രണ്ട് പ്ലാറ്റ് ഫോമുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലത്തിന് സമീപം ലിഫ്റ്റ് സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു.സുരേഷ് ഗോപി എം പി യുടെ ആസ്തി വികസന ഫുണ്ട് ഉപയോഗിച്ച് രണ്ടാം പ്ലാറ്റ്‌ഫോമില്‍ ശൗചാലയം നിര്‍മിച്ചതും, നീലേശ്വരത്തിന്റെ ചരിത്രവും, സംസ്‌കാരവും വിളിച്ചോതുന്ന ചുവര്‍ ചിത്രങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചുമരുകളില്‍ അടയാളപ്പെടുത്തിയതും സമീപകാല നേട്ടങ്ങളായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ എന്‍ ആര്‍ ഡി സി യുടെ ശ്രമഫലമായി ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ്, ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് എന്നിവയ്ക്ക് സ്‌റ്റോപ്പ് അനുവദിച്ചതും, കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മംഗള, വെസ്റ്റ് കോസ്റ്റ് വണ്ടികളുടെ സ്‌റ്റോപ്പുകള്‍   പുനസ്ഥാപിച്ചതും, നീലേശ്വരത്തിന്റെ വരുമാനത്തില്‍ ഗണ്യമായി വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. അമൃതഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ നീലേശ്വരം റെയില്‍വേ സ്‌റ്റേഷനെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയിലാണ്.

 

Latest News