ഇസ്താംബൂള്‍- ഫലസ്തീനികളെ അവരുടെ മണ്ണില്‍നിന്ന് പുറത്താക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് തുര്‍ക്കി. കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ അഭയം പ്രാപിച്ചിരിക്കുന്ന ഗാസയുടെ തെക്കന്‍ ഭാഗത്തുള്ള റഫയില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറയുന്നു.
'ഗാസ മുനമ്പില്‍ ഇതിനകം നടത്തിയ നശീകരണത്തിനും കൂട്ടക്കൊലകള്‍ക്കും ശേഷം തെക്കന്‍ നഗരമായ റഫയില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ് - മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
'ഗാസയിലെ ജനങ്ങളെ അവരുടെ സ്വന്തം ഭൂമിയില്‍നിന്ന് പുറത്താക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഞങ്ങള്‍ ഈ ഓപ്പറേഷന്‍ കണക്കാക്കുന്നത്. ഇസ്രായിലിനെ തടയാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് യു.എന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു.