ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് ദല്‍ഹി കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. മരുമകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം. 2023 ഫെബ്രുവരി 26നാണ് അദ്ദേഹം ജയിയിലിലായത്.
ജാമ്യം നല്‍കിയാല്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഒന്നിലധികം തവണ വാദം കേട്ടതിന് ശേഷം കോടതി മനീഷ് സിസോദിയക്ക് ഇടക്കാല ജാമ്യം അുവദിക്കുകയായിരുന്നു.
ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് പ്രത്യേക ജഡ്ജി എം. കെ. നാഗ്പാല്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേടുണ്ടെന്ന സി. ബി. ഐയുടെ ആരോപണത്തിന് പിന്നാലെ ഇ. ഡി കേസ് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ ഇ. ഡി വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നാണ് സിസോദിയ പറയുന്നത്.
അസുഖ ബാധിതയായ ഭാര്യയെ സന്ദര്‍ശിക്കാന്‍ ആഴ്ചയിലൊരിക്കല്‍ കോടതി നേരത്തെ സിസോദിയയ്ക്ക് അനുവാദം നല്‍കിയിരുന്നു. ഭാര്യയെ കാണാന്‍ അനുവദിച്ച കോടതി വ്യവസ്ഥകളൊന്നും താന്‍ ലംഘിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ മനീഷ് സിസോദിയ കോടതിയെ അറിയിച്ചു. അതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചത്.