കോപന്ഹാഗന് x മാഞ്ചസ്റ്റര്‍ സിറ്റി
ലെയ്പ്സിഷ് x റയല്‍ മഡ്രീഡ്
നാളെ രാത്രി 11.00
മാഞ്ചസ്റ്റര്‍ - കിരീടസാധ്യതയില്‍ മുന്നിലുള്ള രണ്ട് ടീമുകള്‍ കളത്തിലിറങ്ങുന്നതോടെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ നോക്കൗട്ട് റൗണ്ട് നാളെ തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റയല്‍ മഡ്രീഡിനും പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ എവേ മത്സരത്തോടെയാണ് നോക്കൗട്ടാരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറു കളികളും ജയിച്ച രണ്ടേ രണ്ട് ടീമുകളാണ് സിറ്റിയും റയലും. അവസാന രണ്ട് ചാമ്പ്യന്മാര് കൂടിയാണ് അവര്‍.
ഡെന്മാര്ക്കില് കോപന്ഹാഗനെതിരെയാണ് സിറ്റി നോക്കൗട്ട് തുടങ്ങുന്നത്. 13 വര്‍ഷം മുമ്പാണ് കോപന്ഹാഗന് അവസാനം ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ലെയ്പ്സിഷുമായി റയല്‍ കളിക്കും. ശനിയാഴ്ച ഇരു ടീമുകളും സ്വന്തം ലീഗുകളില്‍ അനായാസ വിജയം നേടി. പ്രീമിയര്‍ ലീഗില്‍ സിറ്റി എര്‍ലിംഗ് ഹാളന്റിന്റെ ഇരട്ട ഗോളില്‍ എവര്‍ടനെ കീഴടക്കി. സ്പാനിഷ് ലീഗില്‍ റയല്‍ ജൂഡ് ബെലിംഗാമിന്റെ ഡബഌല് രണ്ടാം സ്ഥാനക്കാരായ ജിരോണയെ തോല്പിച്ചു. കൗതുകമെന്നു പറയാം, സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഗ്രൂപ്പിന്റെ ടീമുകളിലൊന്നാണ് ജിരോണ.
പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഹാളന്റ് നവംബര്‍ 28 നു ശേഷമുള്ള ആദ്യ ഗോളാണ് സ്കോര്‍ ചെയ്തത്. പ്രീമിയര്‍ ലീഗില്‍ 16 ഗോളുമായി ഹാളന്റ് ലീഡ് ചെയ്യുകയാണ്. ബെലിംഗാം സ്പാനിഷ് ലീഗില്‍ 15 ഗോളുമായി മുന്നിലാണ്. കണങ്കാലിന് പരിക്കുമായി ഗ്രൗണ്ട് വിട്ട ബെലിംഗാം ലെയ്പ്സിഷിനെതിരെ കളിക്കുന്ന കാര്യം സംശയമാണ്.
സിറ്റിയെയും റയലിനെയും വെല്ലാന്‍ സാധ്യതയുള്ള ഒരു ടീം ജര്‍മന്‍ ലീഗ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കാണ്. എന്നാല്‍ ജര്‍മന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസനോട് 0-3 ന് നാണം കെട്ട ക്ഷീണത്തിലാണ് ബയേണ്‍. ജര്‍മന്‍ ലീഗില്‍ കഴിഞ്ഞ 11 തവണയും ചാമ്പ്യന്മാരായ അവരുടെ നില ഇത്തവണ പരുങ്ങലിലാണ്. ലെവര്കൂസന് അഞ്ച് പോയന്റ് പിന്നിലാണ് ബയേണ്‍. കഴിഞ്ഞ സീസണില്‍ തന്നെ അവസാന ദിവസം കഷ്ടിച്ചാണ് അവര്‍ കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍് ബുധനാഴ്ച ലാസിയോയിലാണ് ബയേണിന്റെ ആദ്യ നോക്കൗട്ട് മത്സരം. തുടര്‍ച്ചയായ ആറാം സീസണിലും ബയേണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആറു കളികളിലും അജയ്യരായി. 28 ഗോളുമായി ഈ സീസണില്‍ മിന്നും ഫോമിലാണ് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍.
ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായ അദ്ഭുതം സൃഷ്ടിച്ച ടീമാണ് റയല്‍ സൊസൈദാദ്. പക്ഷെ അതിന് അവര്ക്ക്് കിട്ടിയ സമ്മാനം പ്രി ക്വാര്‍ട്ടറില്‍ കരുത്തരായ പി.എസ്.ജിയെ നേരിടാനുള്ള അവസരമാണ്. പി.എസ്.ജി അവരുടെ ഗ്രൂപ്പില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. കീലിയന്‍ എംബാപ്പെയുമായി അവസാന മാസങ്ങളിലാണ് പി.എസ്.ജി. മൂന്നു മാസമായി അവര്‍ അജയ്യരാണ്. അതേസമയം റയല്‍ സൊസൈദാദിന് കഴിഞ്ഞ ഏട്ട് കളികളില്‍ ഒരെണ്ണമേ ജയിക്കാന്‍ സാധിച്ചിട്ടുള്ളൂ.
ഇന്റര്‍ മിലാന്-അത്ലറ്റിക്കൊ മഡ്രീഡ്, നാപ്പോളി-ബാഴ്സലോണ, പോര്‍ടൊ-ആഴ്സനല്‍ എന്നീ കളികള്‍ പ്രവചനാതീതമാണ്. രണ്ടാം പാദ പ്രി ക്വാര്‍ട്ടര്‍ മാര്‍ച്ച 5-13 ഇടവേളയില്‍ നടക്കും. 15 ന് ക്വാര്‍്ട്ടര്‍ ഫൈനല്‍ ഫിക്സ്ചറിനായി നറുക്കിടും.