ജയ്പുര്‍-രാജസ്ഥാനില്‍ ബലാത്സംഗക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് കൂറ്റന്‍ ജലംസഭരണിക്ക് മുകളില്‍ കയറി ദളിത് യുവതിയുടെ ആത്മഹത്യാ ഭീഷണി. ജയ്പുരിലാണ് സംഭവം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. താഴെ വലകള്‍ കെട്ടി സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷം ഏതാനും ഉദ്യോഗസ്ഥര്‍ ജലസംഭരണിക്ക് മുകളില്‍ കയറി സ്ത്രീയോട് സംസാരിച്ചാണ് അനുനയിപ്പിച്ചത്.
വിശദമായി സ്ത്രീയോട് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. പിന്നീട് സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
യുവതി പപ്പു ഗുജ്ജാര്‍ എന്നയാള്‍ക്കെതിരെ പോലീസില്‍ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. ജനുവരി 16ന് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് കേസില്‍ നടപടിയൊന്നും ഉണ്ടായില്ല. പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്തെ ദളിത് വിഭാഗക്കാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.