Sorry, you need to enable JavaScript to visit this website.

ബിഷപ്പ് പീഡനക്കേസിൽ തീരുമാനമെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും

കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. കൊച്ചി മേഖലാ ഐ.ജി വിജയ് സാക്കറെയും കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറും  അന്വേഷണ പുരോഗതി വിലയിരുത്താനായി യോഗത്തിൽ പങ്കെടുക്കും. കേസിന്റെ അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ.സുഭാഷും യോഗത്തിലെത്തും. യോഗത്തിന് ശേഷം ബിഷപ്പിനെ സംസ്ഥാനത്തേക്ക്്് എത്തിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. തെളിവെടുപ്പുകൾ ഏതാണ്ട് പൂർത്തിയായി. ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ മൊബൈൽ ഫോൺ നാളെ കോടതിയിൽ സമർപ്പിക്കും. നാളത്തെ യോഗത്തിനു ശേഷമാകും കേസിലെ  തുടർനടപടികൾ തീരുമാനിക്കുക. 
2014 മെയ് അഞ്ചിന് കുറവിലങ്ങാട് കോൺവെന്റിൽ വച്ചാണ് ബിഷപ്പ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്നത്. എന്നാൽ, മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടത്തുള്ള മഠത്തിലായിരുന്നുവെന്നാണ് ബിഷപ്പ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. അന്വേഷണ സംഘം മുതലക്കോടത്തുള്ള മഠത്തിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് ബിഷപ്പിന്റ വാദം കളവാണെന്ന് മനസ്സിലായത്. ഈ സഭവത്തിനും ഒരുവർഷം മുമ്പ് 2013 ജനുവരിയിലാണ് ബിഷപ്പ് അവിടെ ചെന്നത്. ഈ പറഞ്ഞ കാലയളവിൽ ബിഷപ്പ് തൊടുപുഴയിൽ വന്നിട്ടില്ലെന്ന് മദർ സുപ്പീരിയറും മൊഴി നൽകി. 

ഇതിനിടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹൃത്തിനെ പണവും ഭൂമിയും വാഗ്ദാനം ചെയ്തു സ്വാധീനിക്കാൻ ശ്രമിച്ച സിഎംഐ വൈദികനായ ഫാ.ജയിംസ് ഏർത്തയിലിന്റെ വാദങ്ങൾക്ക് തിരിച്ചടിയായി. ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശി ഷോബി ജോർജിന്റെ നിർദേശപ്രകാരമായിരുന്നു താൻ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നായിരുന്നു എർത്തയിൽ പോലീസിനു നൽകിയ മൊഴി. 

എന്നാൽ, പോലീസിന്റെ ചോദ്യം ചെയ്യലിൽ ഏർത്തയിലിന്റെ ആരോപണം ഷോബി ജോർജ് നിഷേധിച്ചു. താൻ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഷോബി ജോർജ് വ്യക്തമാക്കി. കേസിൽനിന്നു പിൻമാറിയാൽ പണവും ഭൂമിയും നൽകാമെന്നു കന്യാസ്ത്രീയെ അറിയിച്ചിരുന്നുവെന്നും ഷോബി ജോർജ് നൽകിയ ഉറപ്പിൻമേലായിരുന്നു ഇടപെടലെന്നുമാണ് ജെയിംസ് ഏർത്തയിൽ അന്വേഷണ സംഘത്തോട് പറഞ്ഞത്. ജലന്ധർ ബിഷപ്പിനെതിരായ പരാതി പിൻവലിപ്പിക്കാൻ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തിനെ ഫോണിൽ വിളിച്ച് പാരിതോഷികം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയും വഴങ്ങാതായപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ജെയിംസ് ഏർത്തയിലിനെതിരേ പോലീസ് കേസെടുത്തിരുന്നത്.
--
 

Latest News