കോര്‍ബ- പ്രതിപക്ഷ ഇന്ത്യാ സഖ്യം ശക്തമാണെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ഘടകകക്ഷികളും ഉടന്‍ തന്നെ സീറ്റ് വിഭജനം നടത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും രാഷ്ട്രീയ ലോക്ദളും (ആര്‍എല്‍ഡി) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം വിടുന്നത് തിരിച്ചടിയുണ്ടാക്കില്ലെന്ന് ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ബാര്‍പാലി ഗ്രാമത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
'ഇന്ത്യ സഖ്യം ശക്തമാണ്. നിതീഷ് ജി കാലുമാറി, ആര്‍എല്‍ഡിയും അത് ചെയ്യാന്‍ ശ്രമിക്കുന്നു. സഖ്യത്തില്‍ 28 പാര്‍ട്ടികള്‍ ഉണ്ടായിരുന്നു, രണ്ട് പാര്‍ട്ടി വിട്ടു. എന്നാലും, സീറ്റ് വിഭജനം സംബന്ധിച്ച് എഎപി, ഡിഎംകെ, എന്‍സിപി, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), മമത ബാനര്‍ജി എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ശക്തരാണ്, വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തിന് ഉടന്‍ അന്തിമരൂപമാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു രാജ്യം, ഒരു നികുതി', 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്നിവയെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നും വാസ്തവത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി 'ഒരു രാജ്യം, ഒരു കമ്പനി' എന്നതാണ് നടക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
'ഭാരത് ജോഡോ യാത്ര', 'ഭാരത് ജോഡോ ന്യായ് യാത്ര' എന്നിവയിലൂടെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നു, തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. പണപ്പെരുപ്പം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.