Sorry, you need to enable JavaScript to visit this website.

ഏ ഐ ക്യാമറ മുതലാളി, ഏഴുമാസം പിന്നിട്ടപ്പോള്‍ കോഴിക്കോട്ട് മാത്രം ഈടാക്കിയത് 22 കോടി; അപകടത്തില്‍ യാതൊരു കുറവുമില്ല!

കോഴിക്കോട് - ജില്ലയിലൊട്ടുക്കും ഏ. ഐ ക്യാമറ സ്ഥാപിച്ചിട്ടും റോഡ് അപകടങ്ങളുടെ എണ്ണത്തിലും നിയമലംഘനങ്ങളുടെ എണ്ണത്തിലും ദിനംപ്രതി വര്‍ധനവ്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ നിയമലംഘനത്തിന് പിഴ  ഈടാക്കിയതും ഇരുചക്ര വാഹന യാത്രക്കാരാണെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കുന്നു.  എ ഐ ക്യാമറ അടക്കം സ്ഥാപിച്ച് റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ദിനംപ്രതി റോഡുകളില്‍ പൊരിയുന്ന ജീവനുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023ല്‍ കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം 2197 അപകടങ്ങളിലായി 167 പേരുടെ ജീവനാണ് നഷ്ടമായത്. 2275 പേര്‍ക്ക് പരിക്കുപറ്റി. കോഴിക്കോട് റൂറല്‍ പരിധിയില്‍ 2413 അപകടങ്ങളിലായി 139 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2673 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2022ല്‍ കോഴിക്കോട് ജില്ലയില്‍ 4235 അപകടങ്ങളിലായി 381 പേര്‍ മരിക്കുകയും 4743 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് 2023 ല്‍ 43,974 അപകടങ്ങളിലായി 3622 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 49,791 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജൂണ്‍ നാലിനാണ് സംസ്ഥാനത്തു ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെയും ഭാഗമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറകള്‍ സ്ഥാപിച്ചത്. ജില്ലയില്‍ ഓരോ മാസവും ഓരോ എഐ ക്യാമറ വഴി നിയമലംഘനത്തിന് 80,000 രൂപവരെ ഫൈന്‍ ഈടാക്കുന്നതായാണ് എഐ ക്യാമറ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന വിവരം. ജില്ലയില്‍ സ്ഥാപിച്ച 63 ക്യാമറകളില്‍ 59 എണ്ണമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 21 വരെയുള്ള കണക്ക് അനുസരിച്ച് ജില്ലയില്‍ മാത്രം എഐ ക്യാമറ വഴി 3,47,693 കേസുകളിലായി 22,39,21,000 രൂപയാണ് ഫൈന്‍ ഈടാക്കിയത്. ഇതില്‍ 3,55,03500 രൂപ പിരിച്ചെടുക്കുകയും 18,84,17,500 രൂപയാണ് ഇനിയും പിരിച്ചെടുക്കാനുണ്ട്. കൂടാതെ 2,88,734 കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗത എന്നിവയാണ് ക്യാമറകള്‍ വഴി കണ്ടെത്തുന്നത്.
ക്യാമറകള്‍ വന്നതോടെ ആദ്യ ഘട്ടത്തില്‍ എല്ലാവരും നിയമങ്ങള്‍ പാലിച്ചിരുന്നെങ്കിലും പിന്നീട് ക്യാമറ സ്ഥിപിച്ചിരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റ് ഊട് വഴികളിലൂടെ യാത്ര ചെയ്യുന്നവരാണ് കൂടുതലും. കൂടാതെ അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ പരാതികള്‍ തീര്‍പ്പാക്കാതെയും അധികാരികള്‍ വാഹന ഉടമകളെ പ്രത്യേകിച്ച് സാധാരണക്കാരായ ഇരുചാക വാഹന ഉടമകളെ പിഴിയുകയാണെ ന്നാണ് ഓട്ടോ ടൂ വീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മലയാളം ന്യൂസിനോട് പറഞ്ഞു.

 

Latest News