മാനന്തവാടി-പയ്യമ്പള്ളി ചാലിഗദ്ദയില്‍ ശനിയാഴ്ച രാവിലെ കര്ഷകന് അജീഷിനെ കൊലപ്പെടുത്തിയ മോഴയെ(ബേലൂര്‍ മഖ്ന) മയക്കുവെടിവെച്ച് പിടിക്കാന്‍ നീക്കം ഊര്‍ജിതം. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആര്.ആര് ടീം അംഗങ്ങളും ദൗത്യത്തില്‍ പങ്കാളികളാകും. രണ്ടിടങ്ങളിലെയും ടീം അംഗങ്ങള്‍ എത്തി.
ഇന്ന് ആനയെ പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വനസേന. ബാവലി മണ്ണുണ്ടിക്ക് സമീപം കാട്ടില്‍ ആന ഉണ്ടെന്നാണ് നിഗമനമെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലാണ് തിരുനെല്ലി പഞ്ചായത്തില്‍പ്പെട്ട മണ്ണുണ്ടി പ്രദേശം.
റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ ട്രാക്ക് ചെയ്ത് മോഴയെ കണ്ടെത്താനും കേരള വനഭാഗത്ത് സൗകര്യപ്രദമായ ഇടത്ത് ആന നിലയുറപ്പിച്ചാല്‍ മയക്കുവെടി വെക്കാനുമാണ് പദ്ധതി. സേനയുടെ കൈവശമുള്ള ആന്റിനയുടെ 300 മീറ്റര്‍ പരിധിയില്‍ ആന എത്തിയാല്‍ സിഗ്നല്‍ ലഭിക്കും. മോഴയെ പിടിക്കാനുള്ള ശ്രമത്തില്‍ നാല് കുംകിയാനകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മൂന്നു വെറ്ററിനറി സര്ജന്മാര് ദൗത്യസംഘത്തിലുണ്ട്. ഭയപ്പാടിലാണ് മോഴ. അതിനാല്‍ത്തന്നെ അക്രമാസക്തനുമാണ്. സമീപത്ത് എത്തുമ്പോള്‍ ആന പാഞ്ഞടുക്കാനുള്ള സാധ്യത വനസേന തള്ളുന്നില്ല.
ഞായറാഴ്ച രാതി വനം വകുപ്പിന്റെ 13ഉം പോലീസിന്റെ അഞ്ചും ടീം മണ്ണുണ്ടി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ പട്രോളിംഗ് നടത്തി. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും നടന്നു. തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.