ആബിദ്ജാൻ(ഐവറി കോസ്റ്റ്)- ആഫ്രിക്കൻ കപ്പ് കിരീടം ഐവറി കോസ്റ്റിന്. നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആതിഥേയരായ ഐവറി കോസ്റ്റ് കിരീടം ചൂടിയത്. മൂന്നാം തവണയാണ് ഐവറി കോസ്റ്റ് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കിരീടം നേടുന്നത്. ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു ഐവറി കോസ്റ്റിന്റെ തിരിച്ചുവരവ്. ഈ ടൂർണമെന്റിൽ മോശം പ്രകടനത്തോടെ തുടങ്ങിയ ഐവറി കോസ്റ്റ് കപ്പുമായാണ് ടൂർണമെന്റ് അവസാനിപ്പിക്കുന്നത്.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ വില്യം ട്രൂസ്റ്റാണ് നൈജീരിയക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയിൽ നൈജീരയ ഒരു ഗോളിന് മുന്നിൽ നിന്നു. എന്നാൽ രണ്ടാം പകുതിയിൽ, 62-ാം മിനിറ്റിൽ ഫ്രാങ്ക് കെസീ ഐവറി കോസ്റ്റിന്റെ ഗോൾ നേടി. 81-ാം മിനിറ്റിൽ സെബാസ്റ്റിയൻ ഹാലറിന്റെ മിന്നും ഫിനിഷിംഗിൽ ഐവറി കോസ്റ്റ് വിജയ ഗോൾ സ്വന്തമാക്കുകയും ചെയ്തു.
ടൂർണമെന്റിൽ ഏറ്റവും മോശം പ്രകടനമായിരുന്നു തുടക്കത്തിൽ ഐവറി കോസ്റ്റ് പുറത്തെടുത്തത്. ഗിനിയയോട് ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു പരാജയം. ഇതേ തുടർന്ന് മുഖ്യപരിശീലകൻ ജീൻ-ലൂയിസ് ഗാസെറ്റിനെ പുറത്താക്കി. മൂന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടങ്ങളിലേക്ക് മുന്നേറിയത്. തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ സെനഗൽ, മാലി, ഡിആർ കോംഗോ എന്നിവരെ അട്ടിമറിച്ച് ഫൈനലിൽ സ്ഥാനം പിടിച്ചു.
ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി മുന്നേറിയ നൈജീരിയയെ അട്ടിമറിച്ചാണ് ഐവറി കോസ്റ്റ് കിരീടം ചൂടിയത് എന്നതാണ് ഏറെ ശ്രദ്ധേയമായത്.