മൊഗാദിഷു- സൊമാലിയയിലുണ്ടായ ആക്രമണത്തിൽ യു.എ.ഇയുടെ നാല് സൈനികരും ബഹ്‌റൈനിന്റെ ഒരു സൈനിക ഓഫീസറും കൊല്ലപ്പെട്ടു.
സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ സൈനിക താവളത്തിൽ പരിശീലന ദൗത്യത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽഖാഇദയുമായി ബന്ധമുള്ള സായുധ ഗ്രൂപ്പായ അൽഷബാബ് ഏറ്റെടുത്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) അധികൃതർ അറിയിച്ചു.
ജനറൽ ഗോർഡൻ സൈനിക താവളത്തിൽ സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. മരിച്ചവരുടെ എണ്ണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സൊമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് യു.എ.ഇയെ അനുശോചനം അറിയിച്ചു. ഞങ്ങളുടെ മൂന്ന് സൈനികരും ഒരു ബഹ്‌റൈൻ സൈനികനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി യു.എ.ഇ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തീവ്രവാദത്തെയും ഭീകരതയെയും അതിന്റെ എല്ലാ രൂപത്തിലും ചെറുക്കുമെന്ന് യു.എ.ഇയുടെ നയതന്ത്രജ്ഞനായ അൻവർ ഗർഗാഷ് പറഞ്ഞു. കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.