പട്‌ന- ബിഹാർ നിയമസഭയിലേക്ക് നാളെ(തിങ്കൾ)നിർണായകമായ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ് നടത്തി പോലീസ്. ആർ.ജെ.ഡി പ്രവർത്തകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പോലീസിന് ഇവിടെനിന്ന് മടങ്ങേണ്ടി വന്നു. ആർ.ജെ.ഡി-ഇടതു എം.എൽ.എമാർ തേജസ്വി യാദവിന്റെ വീട്ടിലാണ് ക്യാംപ് ചെയ്യുന്നത്.
പട്‌ന എസ്.എസ്.പിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമാണ് തേജസ്വി യാദവിന്റെ വീട്ടിലെത്തിയത്. തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആർ.ജെ.ഡി എം.എൽ.എമാരിൽ ഒരാളുടെ ഭാര്യ പരാതി നൽകിയെന്നും ഇത് അന്വേഷിക്കാനാണ് വന്നതെന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ തന്നെ ആരും തടവിലാക്കിയിട്ടില്ലെന്ന് എം.എൽ.എ വ്യക്തമാക്കി.
നൂറുകണക്കിന് ആർ.ജെ.ഡി അനുയായികൾ തേജസ്വി യാദവിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടി പോലീസിനും മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ മുദ്രാവാക്യം വിളിച്ചു. അതേസമയം, വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ തേജസ്വി യാദവിന്റെ പട്‌നയിലെ വീടിന് പുറത്ത് പോലീസ് സാന്നിധ്യം വർധിപ്പിച്ചു.
ജെ.ഡി.യുവും ബി.ജെ.പിയും സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കെ, ജെ.ഡി.യു പാർട്ടി യോഗത്തിൽ നിന്ന് ഏതാനും എം.എൽ.എമാർ വിട്ടുനിന്നു. ഇവരുടെ അസാന്നിധ്യം ഊഹാപോഹങ്ങൾക്ക് കാരണമായി. ആറ് എൻ.ഡി.എ എം.എൽ.എമാരെ കണ്ടെത്താനായിട്ടില്ല. നിതീഷ് കുമാറിന്റെ ജെ.ഡി.യു എല്ലാ എം.എൽ.എമാരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ബിഹാറിൽ മഹാഗത്ബന്ധൻ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചു. ഒമ്പത് ജെ.ഡി.യു എം.എൽ.എമാരും നാല് ബി.ജെ.പി എം.എൽ.എമാരും തലസ്ഥാനത്ത് ഇല്ലെന്ന് ഹൈദരാബാദിൽ നിന്ന് പട്‌നയിലെത്തിയ കോൺഗ്രസ് എം.എൽ.എ സന്തോഷ് മിശ്ര അവകാശപ്പെട്ടു.