സാങ്കേതിക പഠന സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് 20 ശതമാനം സംവരണവുമായി ബംഗാള്‍

കൊല്‍ക്കത്ത- സംസ്ഥാനത്തെ 3,147 പോളിടെക്‌നിക്കുകളിലും വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലും തൊഴില്‍ കേന്ദ്രീകൃത വ്യാവസായിക ട്രേഡുകളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ ആദ്യമായി 20 ശതമാനം സംവരണം ഏര്‍പ്പെടുത്തി.
പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള സാങ്കേതിക തൊഴിലുകളില്‍ സ്ഫടിക മേല്‍ത്തട്ട് തകര്‍ക്കാന്‍ സഹായിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമമാണ് ഈ നീക്കം.

സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി 50% സീറ്റുകള്‍ നീക്കിവച്ചുകൊണ്ട് ഒരു ജില്ലാ സംവരണ പദ്ധതിയും അവതരിപ്പിച്ചു. കൊല്‍ക്കത്ത, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, കല്യാണി, സെറാംപൂര്‍, ചന്ദര്‍നാഗോര്‍, ചിന്‍സുര തുടങ്ങിയ വലിയ പട്ടണങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഈ ക്വാട്ട ബാധകമല്ല. സംസ്ഥാനത്ത് എവിടെ നിന്നും എത്ര വിദ്യാര്‍ത്ഥികളെ വേണമെങ്കിലും പ്രവേശിപ്പിക്കാം. സാങ്കേതിക കോളേജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നഗര കേന്ദ്രങ്ങളില്‍ നിന്നും ചെറിയ പട്ടണങ്ങളില്‍ നിന്നുമുള്ളവരുടെ അസമത്വം പരിഹരിക്കാനാണ് ജില്ലാതല സംവരണം.

 

Latest News