റഫ- ജനസാന്ദ്രതയേറിയ, ഗാസ അതിര്‍ത്തി പട്ടണമായ റഫയിലേക്ക് ഇസ്രായില്‍ സൈന്യത്തെ അയച്ചാല്‍, ഈജിപ്ത് ഇസ്രായിലുമായുള്ള സമാധാന ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. രണ്ട് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും ഇക്കാര്യം സ്ഥിരീകരിച്ചു.
ഹമാസിനെതിരായ നാല് മാസത്തെ യുദ്ധത്തില്‍ വിജയിക്കാന്‍ റഫയിലേക്ക് സൈന്യത്തെ അയക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് അരനൂറ്റാണ്ടോളം മേഖലയിലെ രാഷ്ട്രീയ സ്ഥിരതയുടെ ആണിക്കല്ലായ ക്യാമ്പ് ഡേവിഡ് ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന ഭീഷണി ഉയര്‍ന്നത്. റഫായില്‍ ഹമാസിന് ഇപ്പോഴും നാല് ബറ്റാലിയനുകളുണ്ടെന്നാണ് നെതന്യാഹുവിന്റെ ആരോപണം.
ഗാസയിലെ 2.3 ദശലക്ഷമുള്ള ജനസംഖ്യയുടെ പകുതിയിലധിവും പോരാട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റഫയിലേക്ക് പലായനം ചെയ്തിരുന്നു. അവര്‍ അതിര്‍ത്തിക്കടുത്തുള്ള ടെന്റ് ക്യാമ്പുകളിലും യുഎന്‍ നടത്തുന്ന ഷെല്‍ട്ടറുകളിലുമാണ് കഴിയുന്നത്. ലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ കൂട്ടപ്രവാഹത്തെ ഈജിപ്ത് ഭയപ്പെടുന്നുമുണ്ട്.