മുംബൈ- 2023 സാമ്പത്തിക വര്‍ഷത്തില്‍ (സെപ്റ്റംബര്‍ 30, 2023 ന് അവസാനിക്കുന്ന വര്‍ഷം) ഏകദേശം 8.7 ലക്ഷം വിദേശ പൗരന്മാര്‍ യു.എസ് പൗരന്മാരായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് (9.7 ലക്ഷം)ഇത് ഒരു ലക്ഷം കുറവാണ്.
1.1 ലക്ഷത്തിലധികം മെക്‌സിക്കന്‍ പൗരന്മാര്‍ (പുതിയ പൗരന്മാരുടെ മൊത്തം എണ്ണത്തിന്റെ 12.7%) യു.എസ് പൗരത്വം നേടി. 59,100 (6.7%) ഇന്ത്യക്കാര്‍ യുഎസ് പൗരത്വം നേടിയതോടെ, പുതിയ പൗരന്മാരുടെ പ്രധാന ഉറവിട രാജ്യമെന്ന നിലയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് ശതമാനം അഥവാ 44,800 പുതിയ അമേരിക്കക്കാരും ഫിലിപ്പീന്‍സില്‍ ജനിച്ചവരാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കും ക്യൂബയും ഉള്‍പ്പെടുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ 32% പുതിയ പൗരന്മാര്‍ ഉള്‍പ്പെടുന്നു.
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) അടുത്തിടെ പുറത്തിറക്കിയ വാര്‍ഷിക പുരോഗതി റിപ്പോര്‍ട്ട്-2023 അനുസരിച്ച്, 2022, 2023 സാമ്പത്തിക വര്‍ഷങ്ങളിലെ നാചുറലൈസേഷന്‍ (യുഎസ് പൗരത്വം നല്‍കല്‍) കഴിഞ്ഞ പത്ത് വര്‍ഷത്തെ നാലിലൊന്ന് വരും.
2022 സാമ്പത്തിക വര്‍ഷത്തിലെ 9.69 ലക്ഷം പുതിയ അമേരിക്കന്‍ പൗരന്മാരില്‍, മെക്‌സിക്കോ ഏകദേശം 1.3 ലക്ഷം (3.3%) ആണ്, ഇന്ത്യ 65,960 ( 6.8%), ഫിലിപ്പീന്‍സ് 53,413 (അല്ലെങ്കില്‍ 5.5%) എന്നിവ പിന്നില്‍ വരുന്നു.
കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ച ശേഷം (നിയമപരമായ സ്ഥിര താമസക്കാരന്‍) ഒരു വ്യക്തിക്ക് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കാം. യു.എസ് പൗരനെ വിവാഹം കഴിച്ച വ്യക്തികള്‍ക്ക്, കാലാവധി മൂന്ന് വര്‍ഷമായി കുറയുന്നു. ഇന്ത്യക്കാരെ സംബന്ധിച്ച് ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് പതിറ്റാണ്ടുകളായി നീളുന്നത് വലിയ തിരിച്ചടിയായിട്ടുണ്ട്.