തിരുവനന്തപുരം- സി.പി.എം മുഖപത്രമായ ദേശാഭിമാനി ബ്രിട്ടീഷുകാരിൽനിന്ന് പണം വാങ്ങിയാണ് തുടങ്ങിയത് എന്ന് ആരോപിച്ച ബി.ജെ.പി നേതാവ് സന്ദീപ് വാര്യർക്ക് അതേവേദിയിൽ തന്നെ ചുട്ട മറുപടി നൽകി യു.ഡി.എഫ് കൺവീനറും കോൺഗ്രസ് നേതാവുമായ എം.എം ഹസൻ. മാതൃഭൂമി സംഘടിപ്പിച്ച ക ഫെസ്റ്റിവെൽ വേദിയിലാണ് സംഭവം.
ദേശാഭിമാനി ബ്രിട്ടീഷ് ഫണ്ട് സ്വീകരിച്ചുവെന്നത് നൂറു ശതമാനം സത്യമാണെന്ന സന്ദീപ് വാര്യരുടെ വാദത്തെ ആ വേദിയിൽ തന്നെ സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദൻ തള്ളിക്കളഞ്ഞിരുന്നു.
തുടർന്ന് സംസാരിച്ച ഹസൻ രൂക്ഷമായ പ്രതികരണമാണ് സന്ദീപ് വാര്യർക്ക് എതിരെ നടത്തിയത്. സംഭവം ഞങ്ങളും സി.പി.എമ്മും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കള്ളം പറയരുതെന്ന് ഹസൻ പറഞ്ഞു. ദേശാഭിമാനി പത്രം എന്നാണ് തുടങ്ങിയതെന്ന് സന്ദീപ് അന്വേഷിക്കണം. കമ്യൂണിസ്റ്റ് പാർട്ടി വിഭജിക്കുന്നതിന് മുമ്പ് പാർട്ടിയുടെ മുഖപത്രം ജനയുഗമായിരുന്നു. പാർട്ടി രണ്ടായ ശേഷമാണ് ദേശാഭിമാനി ആരംഭിച്ചത്. അന്ന് എന്തായാലും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആർ.എസ്.എസ്. ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ബി.ജെ.പിയോ സന്ദീപ് വാര്യരോ വരേണ്ടതില്ലെന്നും ഹസൻ പറഞ്ഞു. ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് അസമത്വം. മുത്തലാഖ് അല്ലെന്നും ഹസൻ പറഞ്ഞു.