മാനന്തവാടി- ശനിയാഴ്ച രാവിലെ ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പനച്ചിയില്‍ അജീഷിന് നാടിന്റെ യാത്രാമൊഴി. മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച വീട്ടുമുറ്റത്തും സംസ്‌കാരം നടന്ന പടമല സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മൃതദേഹത്തിനു മുന്നില്‍ വിങ്ങിപ്പൊട്ടിയ ഭാര്യ ഷീബയും മക്കളായ അല്‍നയും അലനും ഈ കാഴ്ചയ്ക്കു സാക്ഷ്യം വഹിച്ചവരുടെ വേദനയായി. വൈകുന്നേരം വീട്ടില്‍നിന്നു പള്ളിയിലേക്ക് നടന്ന വിലാപയാത്രയില്‍ ബന്ധുജനങ്ങള്‍ അല്ലാത്തവരും കണ്ണീര്‍ തൂകി.
മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശനിയാഴ്ച രാത്രി 9.45 ഓടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അപ്പോഴും നൂറുക്കണക്കിന് ആളുകള്‍ വീട്ടില്‍ തടിച്ചുകൂടിയിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ അജീഷിന്റെ വീടിനു മുന്‍വശത്തെ റോഡിന്റെ വശങ്ങളില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ പിതാവിനു അന്ത്യചുംബനം നല്‍കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ സമീപത്തുണ്ടായിരുന്നവര്‍ അതിനു സൗകര്യം ഒരുക്കി. പടമല പള്ളിയില്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ കാര്‍മികത്വത്തില്‍ വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംസ്‌കാരച്ചടങ്ങ്.