മുംബൈ- മുസ്‌ലിം കുടുംബത്തെ ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നു. ജനുവരി 24 ന് ചിത്രീകരിച്ച 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, പന്‍വേല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും സഹായത്തിനായി നിലവിളിക്കുമ്പോള്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ഒരു മുസ്‌ലിം യുവാവിനെ മര്‍ദിക്കുന്നതായി കാണിക്കുന്നു. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പെട്ടെന്ന് വൈറലായി.
ജനുവരി 19 ന് മഡ്ഗാവ് എല്‍ടിടി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ 30-40 വിദ്യാര്‍ഥികളുടെ പീഡനത്തില്‍ പരാതി നല്‍കാനാണ് മുസ്‌ലിം കുടുംബം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.
സംഭവം നടക്കുമ്പോള്‍ ഭാര്യക്കും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം കങ്കാവ്‌ലിയിലെ ഗ്രാമത്തില്‍നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നുവെന്ന് ഇരയായ ആസിഫ് പറഞ്ഞു.
റിസര്‍വ് ചെയ്ത സീറ്റില്‍ ഇരുന്ന ഉടന്‍, ഏകദേശം 30-40 യുവാക്കള്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ആസിഫും കുടുംബവും നിശബ്ദമായി ഇരിക്കുമ്പോള്‍, കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് 'മേരേ ഭാരത് കാ ബച്ചാ ബച്ചാ ജയ് ശ്രീറാം ബൊലേഗാ' പാടാന്‍ തുടങ്ങി.
ബുര്‍ഖ ധരിച്ച ഒരേയൊരു സ്ത്രീ തന്റെ ഭാര്യ മാത്രമായിരുന്നുവെന്ന് ആസിഫ് പറഞ്ഞു. സംഘം ഞങ്ങളുടെ അടുത്ത് വന്ന് ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കൂടുതലും വിദ്യാര്‍ഥികളായിരുന്നു. കുറച്ച് സമയത്തിന് ശേഷം ടീച്ചര്‍ അവരുടെ അടുത്ത് വന്ന് അവരുടെ പെരുമാറ്റം ചോദ്യം ചെയ്തു.
ആസിഫ് എതിര്‍ത്തതോടെ തര്‍ക്കമായി. 'അതിനുശേഷം, അവര്‍ ഞങ്ങളുടെ ഇരിപ്പിടങ്ങളില്‍ തട്ടിയും എന്റെ മകളുടെ നേരെ ചായക്കപ്പെറിഞ്ഞും ഉപദ്രവിക്കാന്‍ തുടങ്ങി- അദ്ദേഹം ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് പറഞ്ഞു.
തങ്ങളെ സമാധാനത്തോടെ വിടാന്‍ ആസിഫ് ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. റെയില്‍വേ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. 'ടിസി വന്നു, ഞങ്ങള്‍ പറയുന്നത് കേട്ട് പോയി. ആള്‍ക്കൂട്ടത്തിനെതിരെ ഒരു അന്വേഷണവും അദ്ദേഹം നടത്തിയില്ല - അദ്ദേഹം പറഞ്ഞു.
'അവരുടെ അധ്യാപകന്റെ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ പെരുമാറ്റത്തെക്കുറിച്ചും അവര്‍ ഏത് കോളേജില്‍ നിന്നുള്ളവരാണെന്നും ഞാന്‍ ചോദിച്ചു. സംഭവത്തെക്കുറിച്ച് ഞാന്‍ റെയില്‍ സേവയ്ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും റെയില്‍വേ മന്ത്രിക്കും ട്വീറ്റ് ചെയ്തു - ആസിഫ് പറഞ്ഞു.
'ഞങ്ങള്‍ പന്‍വേലില്‍ എത്തിയപ്പോള്‍ ആര്‍.പി.എഫ് ഞങ്ങളെ സമീപിച്ചു. ഈ സമയം, ഞങ്ങളുടെ കോച്ചിലെ മറ്റ് അംഗങ്ങളും വിദ്യാര്‍ഥികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടു. ആര്‍പിഎഫ് വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ നാല് പേര്‍ രക്ഷപ്പെട്ടതായും ആസിഫ് പറഞ്ഞു.
https://twitter.com/HateDetectors/status/1756340364645151182