Sorry, you need to enable JavaScript to visit this website.

ഡിഎ കുടിശ്ശിക ആവശ്യപ്പെട്ട് ഐ. എ. എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം- ഡിഎ കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ. എ. എസ് ഓഫീസേഴ്സ് അസോസിയേഷന്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്കി.

കഴിഞ്ഞ ജൂലൈയില്‍ ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്ത് മാത്രം നടപ്പിലായില്ല. ഡിഎ വര്‍ധനവ് നടപ്പിലാക്കാന്‍ നിസാര തുക മാത്രമാണ് വേണ്ടിവരുക. രാജ്യത്താകമാനം ഉള്ള കണക്കെടുത്താല്‍പോലും ഒന്നരകോടിയില്‍ താഴെ മാത്രമാണ് ചിലവ്. സംസ്ഥാനത്ത് ആകുമ്പോള്‍ അത് ലക്ഷങ്ങള്‍ മാത്രവും. നേരത്തെ ഡിഎ കുടിശ്ശിക വര്‍ധനവ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ നടപ്പിലായിരുന്നു. ഇത് ആദ്യമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഡിഎ വര്‍ധനവ് സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കുന്നത്. 

സമാന തസ്തികയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ലഭിക്കുന്നത്. ഡിഎ വര്‍ധനവ് ശമ്പള വിതരണ വെബ്സൈറ്റായ സ്പാര്‍ക്കില്‍ കൂട്ടിചേര്‍ത്തിട്ടുമില്ല. ഐപിഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും സമാന അവസ്ഥയാണ്. 
ഏഴുമാസത്തെ കുടിശ്ശികയാണ് നിലവിലുള്ളത്. ഡിഎ വര്‍ധനവ്  നടപ്പിലാക്കാത്തത് സംബന്ധിച്ച് അസോസിയേഷന്‍ നേരത്തെ ചീഫ് സെക്രട്ടറിയോട് ചര്‍ച്ച ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് രേഖാമൂലം കത്ത് നല്കിയത്.

കത്തിന്റെ  പകര്‍പ്പ് മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്. കത്ത് നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് സജീവമായി പരിഗണിക്കേണ്ടി വരും.  അക്കൗണ്ട് ജനറലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.

Latest News