ന്യൂദല്‍ഹി- എന്‍.സി.പി സ്ഥാപിച്ചവരുടെ കയ്യില്‍ നിന്ന് അത് തട്ടിയെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ശരദ് പവാര്‍.
1999 ല്‍ എന്‍.സി.പി സ്ഥാപിച്ചയാളാണ് ശരദ് പവാര്‍. 'പാര്‍ട്ടി സ്ഥാപിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്തവരുടെ കയ്യില്‍ നിന്ന് പാര്‍ട്ടിയെ കവര്‍ന്നെടുക്കുകയും മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തു. ഇത്തരമൊരു കാര്യം മുമ്പ് ഉണ്ടായിട്ടില്ല-
കഴിഞ്ഞ വര്‍ഷം പാര്‍ട്ടി പിളര്‍ന്ന് ശിവസേന-ബിജെപി സര്‍ക്കാരുമായി കൈകോര്‍ത്ത അനന്തരവന്‍ അജിത് പവാറിന് തിരഞ്ഞെടുപ്പ് കമീഷന്‍ എന്‍.സി.പിയുടെ പേരും ക്ലോക്ക് ചിഹ്നവും നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പരാമര്‍ശം.
പരിപാടിയും പ്രത്യയശാസ്ത്രവും ജനങ്ങള്‍ക്ക് പ്രധാനമാണെന്നും ഒരു ചിഹ്നം ഒരു പരിമിത കാലത്തേക്ക് മാത്രമേ ഉപയോഗപ്രദമാകൂ എന്നും പവാര്‍ പറഞ്ഞു.
സുപ്രീം കോടതിയെ സമീപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പവാറിന്റെ പാര്‍ട്ടിക്ക് 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-ശരദ്ചന്ദ്ര പവാര്‍' എന്ന പേര് നല്‍കിയിരുന്നു.