മുംബൈ - മുസ്‌ലിം സമുദായം ശിവസേനക്കൊപ്പമാണെന്നും ബി.ജെ.പിയുടെ ഹിന്ദുത്വയിൽനിന്നും തങ്ങൾ വ്യത്യസ്തമായതിനാലാണ് അത്തരമൊരു സമീപനമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ പറഞ്ഞു.
മുസ്‌ലിം സമുദായം ഞങ്ങളോടൊപ്പം വരുന്നു. തങ്ങളുടെ ഹിന്ദുത്വ മുസ്‌ലിംകളുടെ വീടുകളിലെ അടുപ്പ് പുകയാൻ കാരണമാകുമ്പോൾ ബി.ജെ.പിയുടെ ഹിന്ദുത്വ അവരുടെ വീട് കത്തിക്കുകയാണെന്നാണ് മുസ്‌ലിംകൾ പറയുന്നതെന്ന് ഉദ്ധവ് അഭിപ്രായപ്പെട്ടു.
'ഞാൻ ശിവസേനയുടെ തലവനാണെന്നും ഹിന്ദു ഹൃദയ സാമ്രാട്ട് ബാൽതാക്കറെയുടെ മകനാണെന്നും നിങ്ങൾക്ക് അറിയില്ലേ എന്ന് മുസ്‌ലിംകളോട് ചോദിച്ചപ്പോൾ, 'നിങ്ങളുടെ ഹിന്ദുത്വയും ബി.ജെ.പിയുടെ ഹിന്ദുത്വയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നാണ് അവർ പ്രതികരിച്ചത്. 'നിങ്ങളുടെ ഹിന്ദുത്വ ഞങ്ങളുടെ വീടുകളിലെ സ്റ്റൗ പുകയ്ക്കുമ്പോൾ ബി.ജെ.പിയുടെ ഹിന്ദുത്വ വീടുകൾ കത്തിക്കുകയാണെന്നും' മുസ്‌ലിംകൾ പറഞ്ഞതായി ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി. ശ്രീരാമൻ ഞങ്ങളുടെ ഹൃദയത്തിലാണെന്നും ഞങ്ങൾ ദേശസ്‌നേഹികളായ ഹിന്ദുക്കളാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മുസ്‌ലിംകൾ പൊതുവെ സംഘപരിവാർ ആശയങ്ങളോട് ഒട്ടും യോജിപ്പില്ലാത്തവരാണെങ്കിലും മഹാരാഷ്ട്രയിലെ ശിവസേനയിലെ ഇരുവിഭാഗങ്ങൾ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ളവർ നരേന്ദ്ര മോഡിയുടെ ബി.ജെ.പിയുടെ ഹിന്ദുത്വ ആശയങ്ങളെ തുണക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം എൻ.സി.പി(ശരത് പവാർ പക്ഷം)ക്കും കോൺഗ്രസിനുമൊപ്പം ഇന്ത്യാ മുന്നണിയോടൊപ്പമാണ്. ആ നിലയ്ക്ക് മതനിരപേക്ഷ പാർട്ടികളായ കോൺഗ്രസിനും എൻ.സി.പിക്കും ഒപ്പമുള്ള മുസ്‌ലിംകൾ മുന്നണിയിലെ ഘടകക്ഷിയെന്ന നിലയ്ക്ക് മോഡിയുടെയും അമിത്ഷായുടെയും ബി.ജെ.പിയെക്കാൾ അപകടകാരിയല്ലെന്ന നിലയ്ക്ക് ഉദ്ധവ് താക്കറെയുടെ വിഭാഗത്തെ പലേടത്തും പിന്തുണയ്ക്കുന്നുണ്ട്.