ഇസ്‌ലാമാബാദ് - പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ നാടകീയത ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അമേരിക്കയെ ആണ്. തങ്ങള്‍ ബുദ്ധിമുട്ടി പുറത്താക്കിയ ഇമ്രാന്‍ഖാനോടൊപ്പമാണ് ജനങ്ങളെന്ന് തെളിയുകയാണ്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഇമ്രാനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ അധികാരത്തിലെത്താനാവില്ലെന്നാണ് കരുതുന്നത്. ഇമ്രാന്‍ ജയിലിലാണ്. അദ്ദേഹത്തിന്റെ അനുയായികളാകട്ടെ, സ്വതന്ത്രര്‍ എന്ന നിലക്കാണ് മത്സരിച്ചത്. അതിനാല്‍ പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പാക്കിസ്ഥാന്‍ മുസ് ലിം ലീഗിന്റെ സഖ്യസര്‍ക്കാരാകും നിലവില്‍ വരികയെന്നാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെയാണിത്.
പുതുതായി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നാണ് അമേരിക്കയുടെ പ്രസ്താവന. പാക്കിസ്ഥാനുമായി മികച്ച ബന്ധം തുടരാന്‍ കഴിയുമെന്നും അവര്‍ പ്രത്യാശിക്കുന്നു. അതേസമയം, ഇമ്രാന്‍ ഖാന് ഇത് മധുരപ്രതികാരമാണ്. അമേരിക്കയാണ് തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് ഏറെക്കാലമായി അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ രാഷ്ട്രീയകക്ഷികളെ ഉപയോഗിച്ചാണ് അമേരിക്കയാണ് കളിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഈ ആരോപണത്തെ പാക് ജനത ശരിവെക്കുന്നു എന്നതാണ് ഇമ്രാന്റെ വിജയം തെളിയിക്കുന്നത്.
തൂക്കുസഭക്ക് വഴിയൊരുക്കിയ പാക്കിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മത്സരരംഗത്തുള്ള പാര്‍ട്ടികള്‍ നെട്ടോട്ടമോടുകയാണ്. മറ്റ് പാര്‍ട്ടികളുമായി സര്‍ക്കാര്‍ രൂപീകരണത്തിന് ആലോചന ആരംഭിക്കാന്‍ നവാസ് ഷെരീഫ് തന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെ ചുമതലപ്പെടുത്തിയതായും ബിലാവല്‍ ഭുട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ലാഹോറിലും ഇസ്ലാമാബാദിലും പ്രധാന യോഗങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
ആരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍, നവാസ് ഷെരീഫിന്റെ വിജയം പാക്കിസ്ഥാനികള്‍ക്കുള്ള അപമാനമാണെന്ന് ഇമ്രാന്‍ ഖാന്റെ സഹോദരിയും പ്രസിഡന്റ് ആരിഫ് അല്‍വി തന്റെ പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന് ഇമ്രാന്റെ വിശ്വസ്തനായ ഗോഹര്‍ അലി ഖാനും പറഞ്ഞു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പി.ടി.ഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് നടന്ന മൊത്തം 265 ദേശീയ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍, കൂടുതലും ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ളവര്‍ മൊത്തം 101 സീറ്റുകള്‍ നേടി. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍, ബിലാവല്‍ ഭൂട്ടോയുടെ പിപിപി എന്നിവര്‍ യഥാക്രമം 75, 54 സീറ്റുകള്‍ നേടി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനിടെ, വോട്ടിംഗ് സാമഗ്രികള്‍ തട്ടിയെടുത്ത് കേടുവരുത്തിയതുമായി ബന്ധപ്പെട്ട പരാതികളില്‍ രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളില്‍ വീണ്ടും പോളിംഗ് നടത്താന്‍ പാകിസ്ഥാന്‍ ഇലക്്ഷന്‍ കമീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്.