Sorry, you need to enable JavaScript to visit this website.

എക്‌സാലോജിക് നല്‍കിയ സ്‌റ്റേ ഹരജി നാളെ പരിഗണിക്കും, നിര്‍ണായകം

തിരുവനന്തപുരം- മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണത്തിന് എതിരെ എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജി നാളെ പരിഗണിക്കും. വീണ വിജയന്‍ ഉള്‍പ്പെട്ട കേസില്‍, എസ് എഫ് ഐ ഒ അന്വേഷണം സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് എക്‌സാലോജിക്ക് ഹരജി നല്‍കിയത്. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവ് തന്നെ റദ്ദാക്കണമെന്നാണ് എക്‌സാലോജിക്ക് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹരജിയില്‍ ആവശ്യപ്പെടുന്നു. അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി അഭിഭാഷകന്‍ മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേന റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
കെ എസ് ഐ ഡി സിയിലെ പരിശോധനയില്‍ എസ് എഫ് ഐ ഒ 10 വര്‍ഷത്തെ ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് രേഖകളും ആവശ്യമായ ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പും ശേഖരിച്ചു. വീണ വിജയനെ ചോദ്യം ചെയ്യാനും അന്വേഷണം പിടിമുറുക്കാനും എസ് എഫ് ഐ ഒ തയ്യാറെടുക്കുന്നതിനിടെയാണ് എക്‌സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാറിനെയും എസ് എഫ ്‌ഐ ഒ ഡയറക്ടറെയും എതിര്‍ കക്ഷികളാക്കിയാണ് എക്‌സാലോജിക്കിന്റെ ഹരജി.
അതിനിടെ വീണ വിജയന് മാസപ്പടി നല്‍കിയ സി.എം.ആര്‍എല്ലില്‍ നിന്നും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെ നോമിനിക്ക് ശമ്പളവും സിറ്റിംഗ് ഫീസും നല്‍കിയിരുന്നതായി തെളിവ് പുറന്നുവന്നു. ബോര്‍ഡ് യോഗങ്ങളില്‍ പതിവായി പങ്കെടുക്കുന്ന വ്യക്തിയാണ് പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍. കെഎസ്‌ഐഡിസി നോമിനിയായി വച്ച ഡയറക്ടര്‍ ആര്‍.രവിചന്ദ്രന്‍ സിഎംആര്‍എലില്‍ നിന്നു 202223 ല്‍ ശമ്പളമായി 9.21 ലക്ഷം രൂപയും സിറ്റിങ് ഫീസായി 5 ലക്ഷം രൂപയും കൈപ്പറ്റിയെന്നു വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹം ജനറല്‍ മാനേജര്‍ (ജിഎം) എന്ന നിലയില്‍ കെഎസ്‌ഐഡിസിയില്‍ ശമ്പളം കൈപ്പറ്റുമ്പോള്‍ തന്നെയായിരുന്നു ഇത്. ഈ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്. 2018 ഫെബ്രുവരി 1 മുതല്‍ 2023 ഓഗസ്റ്റ് രണ്ട് വരെയാണ് രവിചന്ദ്രന്‍ സിഎംആര്‍എലില്‍ നോമിനി ഡയറക്ടറായിരുന്നത്.
2023 മേയില്‍ വിരമിച്ചതിനാല്‍ പകരം നോമിനി ഡയറക്ടറായി ആര്‍.പ്രശാന്തിനെ കെഎസ്‌ഐഡിസി നിര്‍ദ്ദേശിച്ചു. പ്രശാന്തിനെ ഉള്‍പ്പെടുത്തിയ ഓഗസ്റ്റ് 14ലെ സിഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ രവിചന്ദ്രനെ സ്വതന്ത്ര ഡയറക്ടറാക്കി. സിഎംആര്‍എലിന്റെ താല്‍പര്യപ്രകാരം മൂന്ന് വര്‍ഷത്തേക്കാണു നിയമനം. രവിചന്ദ്രനു 202021 ല്‍ 4 ലക്ഷവും 202122 ല്‍ 5 ലക്ഷവും സിറ്റിങ് ഫീസ് നല്‍കിയിരുന്നു. 202223 ല്‍ സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്കെല്ലാം സിറ്റിങ് ഫീസിനു പുറമേ 9.21 ലക്ഷം രൂപ വീതം വാര്‍ഷിക ശമ്പളം കൂടി അനുവദിച്ചപ്പോള്‍ രവിചന്ദ്രനും അതേ നിരക്കില്‍ ശമ്പളം നല്‍കി. കെഎസ്‌ഐഡിസി നോമിനിയായി സിഎംആര്‍എലില്‍ എത്തിയവരില്‍ വിരമിച്ചശേഷം സ്വതന്ത്ര ഡയറക്ടര്‍മാരായ എ.ജെ.പൈ, ടി.പി.തോമസുകുട്ടി എന്നിവര്‍ക്കു കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ ശമ്പളവും സിറ്റിങ് ഫീസുമായി 36.71 ലക്ഷം വീതം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കി.
സര്‍ക്കാരിന്റെ പങ്കാളിത്തവും ഉദ്യോഗസ്ഥര്‍ വിരമിച്ച ശേഷവും സിഎംആര്‍എല്ലില്‍ തുടര്‍ന്നതുമെല്ലാം കാര്യങ്ങളെ കൂടുതല്‍ ദുരൂഹമാക്കുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചേര്‍ന്ന എല്ലാ ബോര്‍ഡ് യോഗങ്ങളിലും കെഎസ്‌ഐഡിസിയുടെ നോമിനി പങ്കെടുത്തിരുന്നു എന്നുമാണ് വാര്‍ത്തയില്‍ വ്യക്തമാകുന്ന കാര്യം. ബോര്‍ഡിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമായിരുന്നുവെന്ന് ഇതില്‍നിന്നു വ്യക്തം. ഇത് വീണയുടെ കമ്പനിയുമായുള്ള ഇടപാടും മാസപ്പടിയിലേക്കും എന്ന വ്യാഖ്യാനവും വരുമെന്ന് ഉറപ്പാണ്. കെഎസ്‌ഐഡിസി നോമിനികള്‍ വിരമിച്ചശേഷം സിഎംആര്‍എലിന്റെ സ്വതന്ത്ര ഡയറക്ടര്‍മാരായതിന്റെ വിശദാംശങ്ങള്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് ശേഖരിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പു കെഎസ്‌ഐഡിസി നിയോഗിച്ച നോമിനി ഡയറക്ടര്‍, വളരെപ്പെട്ടെന്നു സ്ഥാനം ഉപേക്ഷിച്ച സാഹചര്യവും പരിശോധിക്കുന്നുണ്ട്.

 

Latest News