ന്യൂദല്‍ഹി-കര്‍ഷക സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ദല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ജാഗ്രത ശക്തമാക്കി പോലീസ്. ചൊവ്വാഴ്ചയാണ് കര്‍ഷക സംഘടകള്‍ ദല്‍ഹി ചലോ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താങ്ങുവില നിയമം ഉള്‍പ്പെടെ കേന്ദ്രം നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ഷക സംഘടനകള്‍ സമരത്തിനിറങ്ങിയത്. കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാന പ്രധാന റോഡുകളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ക്രമസമാധാനം ഉറപ്പാക്കാന്‍ പാഞ്ച്കുളയില്‍ 144 ഏര്‍പ്പെടുത്തി. ഈ മാസം 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഒന്നിച്ച് കൂടുതല്‍ എസ്എംഎസുകള്‍ അയക്കുന്നത്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കര്‍ഷക മാര്‍ച്ചുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസും അതീവ ജാഗ്രതയിലാണ്.ദല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200ലധികം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.