Sorry, you need to enable JavaScript to visit this website.

ആളെക്കൊല്ലി കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം; മയക്കുവെടി അനുയോജ്യ സാഹചര്യത്തിൽ

മാനന്തവാടി - വയനാട് മാനന്തവാടിയിൽ മധ്യവയസ്‌കന്റെ ജീവനെടുത്ത കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം. ബാവലിയിൽ വനംവകുപ്പ് സംഘം മോഴയാനയുടെ 250 മീറ്റർ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയ്യാറായുണ്ട്. അനുയോജ്യമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കുമെന്നാണ് വിവരം.
 ഒടുവിൽ ലഭിച്ച റേഡിയോ കോളർ സിഗ്‌നലനുസരിച്ച് ആന കർണാടക അതിർത്തിയിലെ ചെമ്പകപ്പാറയിലെ ബാവലി മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണുള്ളത്. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
 ഇന്നലെ രാത്രി വരെ മാനന്തവാടി ചാലിഗദ്ദയിലെ ജനവാസ കേന്ദ്രത്തിൽ തുടർന്ന ബേലൂർ മഗ്ന പുലർച്ചെയോട് കൂടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു. ആന നടന്നുകൊണ്ടിരിക്കുകയാണ്. സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. 
 അതിനിടെ, ആനയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ച് ജനങ്ങൾ രോഷാകുലരാണ്. മയക്കുവെടി വെക്കാതെ കാട്ടാനയെ കാടുകയറ്റി വിടാൻ വനപാലകർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ആന നടന്നുനീങ്ങുന്നത് വലിയ വെല്ലുവിളിയാണെന്നും കാട്ടിനകത്ത് കയറിയായാലും കാട്ടാനയെ വെടിവെച്ച് തളക്കാനാണ് തീരുമാനമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

Latest News