ഭോപ്പാല്‍- മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് വെള്ളിയാഴ്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റു നല്‍കുന്നതില്‍ ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. ഇതോടെയാണ് കമല്‍നാഥ് മറുകണ്ടം ചാടാന്‍ നീക്കം തുടങ്ങിയത്. ചിന്ദ്‌വാരയില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് സ്വമേധയാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി തവണ കേന്ദ്രമന്ത്രിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള നേതാവാണ്. ഇദ്ദേഹം പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയായിരിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ് കമല്‍നാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്‌സഭ സീറ്റും മന്ത്രിപദവിയും ബി.ജെ.പി വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കമല്‍നാഥ് ചൊവ്വാഴ്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭ എം.പി വിവേക് തന്‍ഖയും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രവാസികള്‍ പല തീരുമാനങ്ങളുമെടുക്കും; പക്ഷെ പിന്തിരിഞ്ഞു കളയും
കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുമായി ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മുന്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ കമല്‍നാഥിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു.