Sorry, you need to enable JavaScript to visit this website.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം: സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ആവശ്യപ്പെടും

  • ഒരു ആര്‍.ആര്‍.ടി കൂടി രൂപീകരിക്കും

കല്‍പറ്റ-വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. വയനാട്ടിലെ വന്യജീവി ആക്രമണം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അടുത്തിടെ തിരുവനന്തപുരത്ത് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.
മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(പി ആന്‍ഡ് ഡി) ഡി.ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് ഗംഗാസിംഗ്, വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറി വി.ആര്‍.പ്രമോദ്, എല്‍.ഡി.എഫ് വയനാട് ജില്ലാ കണ്‍വീനര്‍ സി.കെ.ശശീന്ദ്രന്‍, ജില്ലയില്‍നിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ഗഗാറിന്‍, കെ.ജെ.ദേവസ്യ, ഇബ്രാഹിം, കെ.സി.സ്റ്റീഫന്‍, ഷാജി ചെറിയാന്‍, സി.എം.ശിവരാമന്‍, എന്‍.പി.രജിത്, പി.കെ.അനില്‍കുമാര്‍, ഒ.കെ.മോഹനേന്ദ്രന്‍, ഇ.ജെ.ബാബു എന്നിവര്‍ പങ്കെടുത്തതായിരുന്നു യോഗം.  


വന്യമൃഗങ്ങളുടെ എണ്ണുപ്പെരുപ്പം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നു യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കടുവയെ പിടിക്കുന്നതിനു കൂട് സ്ഥാപിക്കുന്നതിനുള്ള അധികാരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കുക, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള സമാശ്വാസധനവും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വര്‍ധിപ്പിക്കുക,  വന്യജീവികള്‍ മൂലമുള്ള കൃഷിനാശത്തിന് ഒരു വര്‍ഷം ഒരു വ്യക്തിക്ക് നാലു തവണയേ നഷ്ടപരിഹാരം നല്‍കൂ എന്ന വ്യവസ്ഥ ഒഴിവാക്കുക, ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക, നഷ്ടപരിഹാരം കണക്കാക്കി അനുവദിക്കുന്നതിന് അധികാരം ഫോറസ്റ്റ് ട്രിബ്യൂണലുകള്‍ക്ക് നല്‍കുക, പ്രവൃത്തി മുടങ്ങിയ വന്യജീവി പ്രതിരോധ പദ്ധതികള്‍ പൂര്‍ത്തിയാക്കുക, കടുവയെ പിടിക്കുന്നതിന് കൂടും ക്യാമറയും ഒരേസമയം സ്ഥാപിക്കുക, ഒരു ആര്‍.ആര്‍ ടീം കൂടി രൂപീകരിക്കുക, വാഹന അപര്യാപ്തത പരിഹരിക്കുക, ബത്തേരി പച്ചാടിയിലെ വന്യമൃഗ അഭയ കേന്ദ്രത്തിലുള്ള കടുവകളെ മൃഗശാലകളിലേക്ക് മാറ്റുക, കുരങ്ങ് പ്രതിരോധത്തിനു മാര്‍ഗം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു.


കൃഷിനാശത്തിനു നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതു പരിശോധിച്ചുവരികയാണെന്നും സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ കാര്യങ്ങള്‍ ധനവകുപ്പുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും വനം മന്ത്രി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വന്യജീവി ആക്രമണം  സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും വന്യജീവി പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നതിന് വൈത്തിരി പഞ്ചായത്ത് മാതൃകയില്‍ ധനസമാഹരണത്തിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഒരു ആര്‍.ആര്‍.ടി കൂടി രൂപീകരിക്കുന്നതിനു  നടപടി സ്വീകരിക്കുമെന്ന് അറിയിച്ച മന്ത്രി കൃഷി നാശത്തിനു നഷ്ടപരിഹാരം കണക്കാക്കി നല്‍കുന്നതിനുള്ള അധികാരം ഫോറസ്റ്റ് ട്രിബ്യൂണലുകള്‍ക്ക് നല്‍കുന്നതിന്റെ പ്രായോഗികവും നിയമപരവുമായ സാധ്യത പരിശോധിക്കുമെന്ന് വ്യക്തമാക്കി.
വനം വകുപ്പില്‍ നടത്തുന്ന പുതിയ നിയമനങ്ങളില്‍ എലഫന്റ് സ്‌ക്വാഡ്, ടൈഗര്‍ ട്രാക്കേഴ്‌സ് എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുമെന്ന് പി.സി.സി.എഫ് ഗംഗാസിംഗ്  യോഗത്തില്‍ അറിയിച്ചു. വയനാട്ടില്‍ ഫഌയിംഗ് സ്‌ക്വാഡ് വിഭാഗത്തില്‍ ഡിഎഫ്ഒ തസ്തിക സൃഷ്ടിക്കുന്നതിന് ശിപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest News