ന്യൂദൽഹി- ഭക്ഷണത്തിൽ പുഴുവിനെ കണ്ടാലും ഹോട്ടലിൽ മോശം തലയിണ ലഭിച്ചാലും വിമർശിക്കുന്നതിനെ എങ്ങിനെയാണ് വംശീയയെന്ന് ആക്ഷേപിക്കുന്നതെന്ന് സെർബിയൻ ടെന്നിസ് താരം ദേയാന റാഡനോവിച്ച്. വാഹനം ഗതാഗതരുക്കിൽനിന്നുപോയാൽ റോഡുകളിൽ നിർത്താതെ ഹോൺ മുഴക്കിക്കൊണ്ടിരിക്കുന്ന ഡ്രൈവർമാരാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ ഭക്ഷണം മോശമാണ്. വൃത്തിയില്ലാത്തവരാണ്. ഗതാഗതവും ശരിയല്ലെന്ന് ദേയാന ആവർത്തിച്ചു. തന്റെ വിമർശനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിനെ തുടർന്ന് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ദേയാന വീണ്ടും വിശദീകരണവുമായി രംഗത്തെത്തി.
'ഗുഡ്‌ബൈ ഇന്ത്യ. ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ', എന്നായിരുന്നു വിമാനത്താവളത്തിന്റെ ചിത്രം പങ്കുവെച്ച് സെർബിയൻ താരം കുറിച്ചത്. മ്യൂണിക്കിലെത്തിയതിന് ശേഷം വീണ്ടും ദേയാന പോസ്റ്റിട്ടു. 'ഹലോ നഗരമേ, മൂന്നാഴ്ച ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങൾ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ എന്നായിരുന്നു ഈ പോസ്റ്റിൽ.
ഇന്ത്യയിൽ ടാപ്പ് വെള്ളം കുടിക്കുന്നതിനും പഴങ്ങൾ കഴിക്കുന്നതിനും എതിരെയും താരം മുന്നറിയിപ്പ് നൽകി. പഴങ്ങളില്ലാതെ മൂന്നാഴ്ച അതിജീവിക്കാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഹോട്ടലിൽ നിന്ന് തൊലി കളയാത്ത പഴങ്ങളാണ് ലഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് പഴങ്ങൾ കഴിച്ചതിന് ശേഷം തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും കടുത്ത പനി ബാധിച്ചെന്നും അവർ പറഞ്ഞു.
താൻ വംശീയവാദിയല്ലെന്നും തന്റെ പോസ്റ്റുകൾ ഇന്ത്യയിലെ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെ പറ്റിയാണെന്നും അവർ പറഞ്ഞു.
'നിങ്ങൾ എന്റെ രാജ്യമായ സെർബിയയിൽ വന്നാലും ഇതുപോലെ സംഭവിച്ചേക്കാം. അത് നിങ്ങൾ പുറത്തുപറയുകാണെങ്കിൽ നിങ്ങൾ വംശീയവാദിയാണ് എന്നാണോ അർത്ഥം. ഇതിന് വംശീയതയുമായി എന്താണ് ബന്ധം. ഇന്ത്യ സന്ദർശിക്കുന്ന 95% വിദേശികൾക്കും ഇത്തരം മോശം അനുഭവങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് താരം അവകാശപ്പെട്ടു.
മൂന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ടൂർണമെന്റുകളുടെ ഭാഗമായി മൂന്നാഴ്ച ഇന്ത്യയിൽ ചെലവഴിച്ചതിന് ശേഷമായിരുന്നു ദേയാന പോസ്റ്റിട്ടത്.