Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങി ടി.ആര്‍.എസ്; തെരഞ്ഞെടുപ്പ് നേരത്തെ ആക്കാന്‍ നീക്കം 

ഹൈദരാബാദ്- തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) സര്‍ക്കാരിനെ നാളെ പിരിച്ചുവിട്ടേക്കും. ഈ വര്‍ഷം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ടി.ആര്‍.എസ് അധ്യക്ഷന്‍ കൂടിയായ റാവുവിന്റെ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു ശേഷം വൈകുന്നേരം രംഗ റെഡ്ഡി ജില്ലയില്‍ ടി.ആര്‍.എസ് പടുകൂറ്റന്‍ പൊതുസമ്മേളനവും നടത്തും. രണ്ടായിരം ഏക്കര്‍ വിശാലമായി മൈതാനത്ത് നടത്താനിരിക്കുന്ന ഈ പൊതുയോഗം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതുസമ്മേളനമായാണ് പ്രചാരണം.

jcqmstq4

പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും ഇതിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കാന്‍ സാധ്യതയേറെയാണെന്നും മുഖ്യമന്ത്രിയുടെ മകനും ഐ.ടി, നഗരഭരണ കാര്യ മന്ത്രിയുമായി കെ.ടി രാമറാവു പറഞ്ഞു. നിയമസഭ പിരിച്ചു വിടുന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചില്ല. തെലങ്കാന സംസ്ഥാന രൂപീകരിച്ച ശേഷം ആദ്യമായി അധികാരത്തിലേറിയ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസ് സര്‍ക്കാരിന് 2019 മേയ് വരെ കാലാവധിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പും. സെപ്തംബര്‍ രണ്ട് ടി.ആര്‍.എസിന്റെ സ്ഥാപക ദിനം കൂടിയാണ്. ഞായറാഴ്ച നടക്കുന്ന കൂറ്റന്‍ പൊതു സമ്മേളനത്തില്‍ ടി.ആര്‍.എസിന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങളും ജനങ്ങള്‍ക്ക് വിശദീകരിക്കും.

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നതില്‍ ടി.ആര്‍.എസിനുള്ള ആശങ്കയാണ് ഈ രാഷ്ട്രീയ നീക്കത്തിനു പിന്നിലെന്ന് പ്രതിപക്ഷ കക്ഷികള്‍ പറയുന്നു. തെരഞ്ഞെടുപ്പ് നേരത്തെയാക്കി നേട്ടമുണ്ടാക്കാമെന്നാണ് അവരുടെ കണക്കൂ കൂട്ടലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.
 

Latest News