*പതിനേഴാം ലോക്‌സഭ പിരിഞ്ഞു
ന്യൂദൽഹി- പതിനേഴാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനം അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചർച്ചയാക്കി കേന്ദ്ര സർക്കാർ. ലോക്‌സഭക്ക് പുറമെ രാജ്യസഭയിലും വിഷയം ചർച്ച ചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്തു. മുസ്‌ലിം ലീഗും ഇടതുപക്ഷ കക്ഷികളും ചർച്ച ബഹിഷ്‌കരിച്ചപ്പോൾ കോൺഗ്രസ് ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് നിഗമനത്തിലാണ് കോൺഗ്രസ് നേതൃത്വം ചർച്ചയിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. വിവിധ കക്ഷി നേതാക്കളും കേന്ദ്ര മന്ത്രിമാരും വിഷയത്തിൽ സംസാരിച്ചു.
ബി.ജെ.പി എം.പി സത്യപാൽ സിംഗാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ക്ഷേത്രത്തിന്റെ നിർമാണം ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒപ്പം നിർത്തിയിട്ടുണ്ടെന്നും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിധി ഇന്ത്യയിലെ മതേതര സ്വഭാവത്തിന്റെ പ്രതിഫലനമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മറ്റൊരു രാജ്യത്തും ഭൂരിപക്ഷ സമുദായം തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇത്രകാലം കാത്തിരുന്നിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, രാമക്ഷേത്രം നേരിട്ട് പരാമർശിക്കാതെ പരിഷ്‌കരണം നടത്തിയെന്നാണ് പ്രധാനമന്ത്രി ലോക്‌സഭയിൽ പറഞ്ഞത്.
ഇടക്കാല ബജറ്റ് സമ്മേളനം ഇന്നലെ അവസാനിച്ചതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇനി പൊതു തെരഞ്ഞെടുപ്പിന് ശേഷം 18ാം ലോക്‌സഭയായിരിക്കും ചേരുക. പതിനേഴാം ലോക്‌സഭയുടെ അവസാന ദിവസമായ ഇന്നലെ പ്രധാനമന്ത്രിയും ലോക്‌സഭ സ്പീക്കർ ഓം ബിർളയും സഭയെ അഭിസംബോധന ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷത്തെ ബി.ജെ.പി സർക്കാറിന്റെ പ്രവർത്തനം രാജ്യത്ത് പരിഷ്‌കരണവും പ്രകടനവും പരിവർത്തനവും നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ അഞ്ച് വർഷത്തിനിടയിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും നിരവധി വെല്ലുവിളികൾ നേരിടുകയും ചെയ്തു, ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് രാജ്യത്തിന് ശരിയായ ദിശ നൽകാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 17ാം ലോക്‌സഭയിൽ 97 ശതമാനം ഉൽപാദനക്ഷമതയുണ്ടായി എന്നു പറഞ്ഞ പ്രധാനമന്ത്രി, സ്പീക്കർ ഓം ബിർളയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. അഞ്ച് വർഷത്തിനിടെ അദ്ദേഹത്തിന്റെ പുഞ്ചിരി ഒരിക്കലും മാഞ്ഞിട്ടില്ല. ദേഷ്യവും ആരോപണങ്ങളും ഉണ്ടായ നിമിഷങ്ങൾ ഉണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഓരോ സാഹചര്യവും ക്ഷമയോടെ നിയന്ത്രിച്ച് സഭ നടത്തിയെന്നും ഇതിന് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 17ാം ലോക്‌സഭ 222 ബില്ലുകൾ പാസാക്കിയതായി സ്പീക്കർ ഓം ബിർളയും അറിയിച്ചു. നിരവധി സുപ്രധാന ബില്ലുകൾ ഈ സഭയിൽ പാസാക്കാൻ കഴിഞ്ഞതായും ഓം ബിർള വ്യക്തമാക്കി.
രാജ്യസഭയും ശനിയാഴ്ച ചർച്ചകൾക്ക് ശേഷം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
ബി.ജെ.പിയുടേത് രാഷ്ട്രീയ ധ്രുവീകരണ ലക്ഷ്യം -ലീഗ്
ന്യൂദൽഹി- അയോധ്യ പ്രശ്‌നം ബി.ജെ.പി രാഷ്ട്രീയ ധ്രുവീകരണത്തിനാണ് ഉപയോഗിച്ചതെന്നും പാർലമെന്റിൽ അയോധ്യ ചർച്ചയ്ക്കായി ഒരു ദിവസം തന്നെ മാറ്റിവെച്ചത് അപലപനീയമാണെന്നും മുസ്‌ലിം ലീഗ്. ബി.ജെ.പിക്ക് രാമക്ഷേത്രം അടക്കമുള്ള കാര്യങ്ങളിൽ അവരുടേതായ രാഷ്ട്രീയ അജണ്ടകളാണുള്ളത്. രാജ്യം നേരിടുന്ന ഒട്ടനവധി സുപ്രധാന പ്രശ്‌നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാനുണ്ട്. അവയ്‌ക്കൊന്നും അവസരമുണ്ടായില്ലെന്നു മാത്രമല്ല പ്രധാനമന്ത്രി പാർലമെന്റിൽ അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെന്നും ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി എന്നിവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പാർലമെന്റ് നടപടിക്രമങ്ങൾ പ്രകാരം പൊതുവായ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി നേതാക്കൾ നിരന്തരമായി നോട്ടീസ് കൊടുത്തിട്ടും അതൊന്നും അംഗീകരിക്കാതെ ഇപ്പോൾ തലേദിവസം രാത്രിവരെ അജൻഡ എന്താണെന്ന് വ്യക്തമാക്കാതെ പിറ്റേന്ന് അയോധ്യ വിഷയം ചർച്ച ചെയ്യുന്നതിന് വഴിയൊരുക്കുകയായിരുന്നു. ഈ സർക്കാരിന്റെ എല്ലാ നീക്കങ്ങളും നിഗൂഢമാണ്. ഉത്തരാഖണ്ഡിലെ പുതിയ സംഭവവികാസങ്ങൾ അടക്കം ചർച്ച ചെയ്യുവാൻ പലപ്പോഴും സർക്കാറിനോട്് ആവശ്യപ്പെട്ടിട്ടും സർക്കാർ അതിനൊന്നും തയാറായിട്ടില്ല. രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വര സ്വഭാവങ്ങളെ പൂർണ്ണമായും തടയിടുന്ന സമീപനവും, ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യയുടെ യശസ്സ് തന്നെ തകർക്കുന്നവിധത്തിൽ എത്തിയിരിക്കുകയാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു.