Sorry, you need to enable JavaScript to visit this website.

സദാചാര ആക്രമണം വാട്‌സാപ്പില്‍ പ്രചരിച്ചു; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം- സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കുട്ടം അര്‍ദ്ധരാത്രി കെട്ടിയിട്ട് മര്‍ദിച്ച യുവാവിനെ വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പാലയ്ക്കടുത്ത പണിക്കര്‍പ്പടി സ്വദേശി മുഹമ്മദ് സാജിദ് (23) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് സമീപപ്രദേശമായ എടരിക്കോടിനടുത്ത മമ്മാലിപ്പടിയില്‍ അസമയത്ത് സാജിദിനെ ഒരു വീടിന്റെ പരിസരത്തു കണ്ട നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തി വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് കരുതുന്നു. സാജിദ് മയക്കു മരുന്നിന് അടിമയാണെന്നും പ്രചരിച്ചു. ഇതില്‍ മനംനൊന്ത് വെള്ളിയാഴ്ച രാത്രി സാജിദ് തൂങ്ങിമരിക്കുകയായിരുന്നു. യുവാവിന്റെ കയ്യില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മര്‍ദിച്ചവരുടെ വിവരങ്ങള്‍ കുറിപ്പിലുണ്ടെന്നാണ് സൂചന. കല്‍പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മര്‍ദനത്തില്‍ യുവാവിന് കാര്യമായ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ആക്രമണ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരവും കല്‍പകഞ്ചേരി പോലീസിനെ സമീപിച്ചിരുന്നെന്ന് സാജിദിന്റെ പിതാവ് മുസ്തഫ പറഞ്ഞു. പോലീസ് ആദ്യം കേസെടുക്കാന്‍ തയാറായില്ലെന്ന ആരോപണമുണ്ട്. ഇരു കക്ഷികളും ഒത്തു തീര്‍പ്പിലെത്തിയതോടെ പോലീസ് കേസെടുക്കാതിരിക്കുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

Latest News