ബംഗളൂരു- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ പോസ്റ്റ് ചെയ്തതിന് കര്‍ണാടകയിലെ ഗഡഗ് ജില്ലയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ജിഐഎംഎസ്) 38 മെഡിക്കല്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്‍സ്റ്റാഗ്രാം റീലുകള്‍ പ്രത്യക്ഷപ്പെടുകയും മോശം അഭിപ്രായങ്ങള്‍ ഉണ്ടാകുകയും ചെയ്തതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കന്നഡ, ഹിന്ദി പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്യുന്ന ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലായിരുന്നു. ഇത് മെഡിക്കല്‍ എതിക്‌സിന് എതിരാണെന്ന അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.
ജിംസ് ഡയറക്ടര്‍ ഡോ. ബസവരാജ ബൊമ്മനഹള്ളിയാണ് 38 വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടത്. പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച ജിംസ് ഡയറക്ടര്‍ ആശുപത്രി കാമ്പസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞു.
'രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിദ്യാര്‍ഥികള്‍ പെരുമാറുന്നത് തെറ്റാണ്. 38 വിദ്യാര്‍ത്ഥികളില്‍ പലരും എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കി ഇപ്പോള്‍ ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് അവരുടെ പോസ്റ്റിംഗുകള്‍ 10 ദിവസം വൈകും. കാമ്പസില്‍ ഒരു തരത്തിലുള്ള വീഡിയോയും ചെയ്യാന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല. ഉചിതമായ നടപടി സ്വീകരിക്കും -അദ്ദേഹം പറഞ്ഞു.