ബെംഗളൂരു - കർണാടകയിലെ ഏക കോൺഗ്രസ് എം.പി 'ഡി.കെ സുരേഷിനെയും കോൺഗ്രസ് എം.എൽ.എ വിനയ് കുൽക്കർണിയെയും വെടിവെച്ചുകൊല്ലാൻ നിയമം കൊണ്ടുവരണമെന്നു' പറഞ്ഞ കർണാടക മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പിയുടെ സീനിയർ നേതാവുമായ കെ.എസ് ഈശ്വരപ്പയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ 8.30ന് ശിവമൊഗ്ഗയിലെ മല്ലേശ്വര മേഖലയിലെ കെ.എസ് ഈശ്വരപ്പയുടെ വസതിയിലെത്തിയ പോലീസ് ക്രിമിനൽ ഭീഷണിപ്പെടുത്തലും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമായ വകുപ്പുകൾ ചുമത്തിയുള്ള ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി) സെക്ഷൻ 41 എ പ്രകാരം നോട്ടീസ് നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐ.പി.സി 505(1) (സി), 505(2), 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ലത വി തലേക്കർ നടത്തുന്ന അന്വേഷണത്തിന് പോലീസിന് മുന്നിൽ ഹാജരാകാനും നിർദ്ദേശിച്ചു. ഫെബ്രുവരി 15ന് കേസുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുമെന്നും പോലീസ് അറിയിച്ചു.
രണ്ട് കോൺഗ്രസ് നേതാക്കളെയും രാജ്യദ്രോഹികൾ എന്ന് വിളിച്ച ഈശ്വരപ്പ, ഇന്ത്യയെ കഷ്ണങ്ങളായി വിഭജിക്കാൻ ഇവർ ആഗ്രഹിക്കുന്നുവെന്നും ആരോപിച്ചിരുന്നു. ഇരുവരും മുമ്പ് നടത്തിയതുപോലുള്ള പ്രസ്താവന ആവർത്തിച്ചാൽ അവർ രാജ്യദ്രോഹികളാണെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിക്കുമെന്നും അവരെ വെടിവെച്ചുകൊല്ലാൻ അനുവദിക്കുന്ന നിയമം രാജ്യത്തുണ്ടാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. കർണാടകയിലെ പുതിയ ബി.ജെ.പി ഭാരവാഹികളുടെ യോഗത്തിലായിരുന്നു മുൻ ഉപമുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസംഗം. ഇതിനെതിരെ വൻ വിമർശമാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നത്.