ന്യൂഡൽഹി - ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഇന്ത്യാ മുന്നണിക്ക് വീണ്ടും പ്രഹരം. പഞ്ചാബിൽ ഇന്ത്യാ മുന്നണിയുമായി സഖ്യമില്ലെന്നും ഇവിടത്തെ മുഴുവൻ ലോക്‌സഭാ സീറ്റുകളിലും ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. പഞ്ചാബിലെ ഖന്നയിലെ പരിപാടിയിൽ സംസാരിക്കവെയാണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി എ.എ.പി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മൻ നേരത്തെ പറഞ്ഞിരുന്നു. എ.എ.പി പ്രാദേശിക ഘടകങ്ങളുടെ താൽപര്യക്കുറവാണ് സഖ്യ സാധ്യതകൾക്ക് തടസ്സമായത്. ഇതാകട്ടെ ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ തന്നെ പരസ്പരം ചേരിതിരിഞ്ഞ് മത്സരിച്ച് ബി.ജെ.പിയുടെ വരവിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് വിമർശം.
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതുസമയവും പുറത്തുവരാൻ പാകത്തിൽ എണ്ണപ്പെട്ട മണിക്കൂറുകൾ മാത്രം ശേഷിക്കവെ, മുന്നണിയിലെ ഘടകകകക്ഷികൾ തമ്മിൽ സീറ്റുകളിൽ ധാരണയാകാതെ അസ്വാരസ്യങ്ങൾ പുറത്തുവരുന്നത് ഇന്ത്യാ മുന്നണിക്ക് വലിയ തലവേദനയും എൻ.ഡി.എക്കും മോഡിക്കും കൂടുതൽ ആശ്വാസവും പകരുന്ന കാര്യമാണ്. ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയും പ്രഖ്യാപിച്ചതാണ്. എന്നാൽ, മമതയുമായി തുടർ ചർച്ചകളിലൂടെ മഞ്ഞുരുക്കാമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.