ന്യൂയോര്‍ക്ക്- എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച യാത്രക്കാരൻ സ്ത്രീ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചു. വിമാനം ന്യൂയോർക്കിൽനിന്ന് ന്യൂദൽഹിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. വിമാനത്തിലെ യാത്രക്കാരിയുടെ മകൾ ഇന്ദ്രാണി ഘോഷ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർക്കാണ് ട്വീറ്റ് ചെയ്തത്. ഓഗസ്റ്റ് 30ന് എന്റെ അമ്മ എയർ ഇന്ത്യയുടെ 36 ഡി നമ്പർ സീറ്റിലിരുന്ന് ന്യൂയോർക്കിൽനിന്ന് ന്യൂദൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ച യാത്രക്കാരൻ അമ്മയുടെ അരികിലെത്തി പാന്റ് അഴിച്ച് സീറ്റിലേക്ക് മൂത്രമൊഴിച്ചു. ഡിന്നറിന് ശേഷം മദ്യം കഴിച്ചാണ് ഈ യാത്രക്കാരൻ ഇങ്ങിനെ ചെയ്തത്. അയാൾക്കെതിരെ ഉടൻ നടപടി എടുക്കണം എന്നായിരുന്നു ട്വീറ്റ്.
വിമാനത്തിലെ ജീവനക്കാർ അമ്മക്ക് സീറ്റ് മാറ്റി നൽകുക മാത്രമാണ് ചെയ്തത്. ദൽഹി വിമാനതാവളത്തിൽ കണക്ഷൻ ഫ്‌ളൈറ്റിന് വേണ്ടി വീൽ ചെയറിൽ കാത്തിരിക്കുന്നതിനിടെ ഈ യാത്രക്കാരൻ അതുവഴി ഇറങ്ങിപ്പോകുന്നത് കണ്ടുവെന്നും ഇയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.