Sorry, you need to enable JavaScript to visit this website.

ശാസ്ത്രം ജയിച്ചു, ജാനകിയമ്മാൾ തോറ്റു; ലോകമറിഞ്ഞ സസ്യശാസ്ത്രജ്ഞയെ സർക്കാറും മറന്നു

പത്മശ്രീ ഡോ. ജാനകിയമ്മാൾ.

തലശ്ശേരി- സസ്യശാസ്ത്രരംഗത്ത് ലോക  പ്രശസ്തയായ മലയാളി വനിത പത്മശ്രീ ഡോ. ജാനകിയമ്മാളിനെ  മലയാളി പോലും മറന്നോ.  ഇവരുടെ ജന്മനാടായ തലശ്ശേരിയിലെ  പുതുതലമുറയിലെ എത്രപേർക്കറിയാം ഇ.കെ ജാനകിയമ്മാൾ നമ്മുടെ നാട്ടുകാരിയാണെന്ന് .  ഈ മഹത് വനിതയെ  ഓർക്കാൻ ഒരു സ്തൂപമെങ്കിലും   തലശ്ശേരിയിൽ പോലും സ്ഥാപിക്കാതത് അവരോട് നമ്മുടെ നാട് കാണിച്ച കടുത്ത അവഗണനയല്ലാതെ മറ്റെന്താണ്.  ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്ര വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ചുരുക്കം ഇന്ത്യൻ വനിതകളിരൊളായിരുന്നു ഈ തലശ്ശേരിക്കാരി. സസ്യ ശാസ്ത്ര വിദ്യാർത്ഥികളുടെ കൺകണ്ട ദൈവമായ ജാനകിയമ്മാൾ വിടപറഞ്ഞിട്ട് കഴിഞ്ഞ ദിവസം 40 വർഷം പൂർത്തീകരിച്ചു കഴിഞ്ഞു.  
ഇന്ത്യയുടെ കരിമ്പുഗവേഷണ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച സസ്യശാസ്ത്രജ്ഞയാണ് ഡോ. ജാനകിയമ്മാൾ. 1897 നവംബർ നാലിനാണ് സ്വജീവിതം പഠനത്തിനും ഗവേഷണത്തിനും വേണ്ടി ജീവിതം അർപ്പിച്ച  പ്രശസ്ത ശാസ്ത്രജ്ഞ  ജന്മം കൊണ്ടത.്  തലശ്ശേരിയിലെ ദിവാൻ  ഇടവലത്ത് കക്കട്ട് കൃഷ്ണന്റെയും ദേവിയുടെയും മകളായിട്ടാണ് ഇടവലത്ത് കക്കാട്ടു ജാനകി എന്ന ജാനകിയമ്മാളിന്റെ ജനനം.  പിതാവ് മദ്രാസ് പ്രവിശ്യയിലെ സബ് ജഡ്ജിയായിരുന്നു. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന മലബാറിൽ നിന്നുമാണ് ജാനകിയമ്മാൾ ലോകം കണ്ട സസ്യശാസ്ത്രജ്ഞയായി വളർന്നുവന്നതെന്ന് ഓർക്കുമ്പോൾ ജാനകിയമ്മാളിനെക്കുറിച്ചുള്ള മതിപ്പ്  പതിന്മടങ്ങാവും. 
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠനം അവസാനിപ്പിക്കുകയോ ഏതെങ്കിലും തൊഴിൽരംഗത്തേക്ക് തിരിയുകയോ പെൺകുട്ടികൾ ചെയ്തിരുന്ന കാലത്താണ് ഇവരുടെ ജൈത്ര യാത്ര. തലശ്ശേരിയിലെ  സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി മദ്രാസിലെ ക്വീൻമേരി കോളേജിൽ ചേരുകയും സസ്യശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഓണേർസ് ബിരുദം നേടി. മദ്രാസിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപികയായി ജോലി ആരംഭിച്ചു. വിമൻസ് കോളേജിലെ അധ്യാപനത്തിനിടയിലാണ് സസ്യശാസ്ത്രപഠനത്തോട് അവർക്ക് താൽപര്യം ജനിക്കുന്നതും തുടർന്ന് അമേരിക്കയിലെ മിച്ചിഗൺ സർവ്വകാശാലയിൽ ഗവേഷണത്തിനായി പോകുന്നതും.ഡോ. ജാനകിയമ്മാളാണ് അമേരിക്കയിലെ പ്രശസ്ത സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡി ബിരുദവും ഡോക്ടർ ഓഫ് സയൻസ് ബിരുദവും നേടുന്ന ആദ്യ ഇന്ത്യൻ വനിത.ഡോക്ടറേറ്റ് നേടിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ജാനകിയമ്മാൾ 1932ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസറായി ചേരുകയും 1934വരെ അവിടെ തുടരുകയും ചെയ്തു. രണ്ടുവർഷത്തിന് ശേഷം  മഹാരാജാസ് കോളേജിലെ അധ്യാപന ജോലി ഉപേക്ഷിച്ച് തന്റെ കർമ്മമണ്ഡലമായ ഗവേഷണത്തിന് കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിൽ ജനിതകശാസ്ത്രജ്ഞയായി ചേർന്നു. അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന കരിമ്പിന്റെ ഒരിനം വിദേശത്തുനിന്നും ഇറക്കു മതി ചെയ്തതായിരുന്നു. കൂടുതൽ മധുരമുള്ള ഒരിനം കരിമ്പ് ഇനം   കണ്ടെത്താനുള്ള ജാനകിയമ്മാളിന്റെ ശ്രമം വിജയിക്കുകയും ചെയ്തു. ഇന്ത്യയിൽ കരിമ്പുകൃഷി വ്യാപിപ്പിക്കുന്നതിൽ ജാനകിയമ്മാളിന്റെ കണ്ടുപിടുത്തം വളരെയേറെ സഹായിച്ചു. എസ്.ജെ. 63.32 എന്ന പേരിലുള്ള കരിമ്പ് ജാനകിയമ്മാൾ വികസിപ്പിച്ചെടുത്തതാണ്. 
കരിമ്പിൽ മാത്രമല്ല വഴുതനയിലും പേര, മുളക്, കടുക്, വെളുത്തുള്ളി തുടങ്ങിയ സസ്യങ്ങളുടെയും പുതിയ സങ്കരത്തെ ജാനകിയമ്മാൾ സൃഷ്ടിച്ചിട്ടുണ്ട്. പിന്നീടുള്ള ഒരു ദശാബ്ദക്കാലം ലണ്ടനിലെ വിവിധ സ്ഥാപനങ്ങ ളിൽ ഗവേഷണം തുടർന്നു.  ഇക്കാലത്താണ് ജാനകിയമ്മാൾ സി.ഡി. ഡാർലിങ്ടണുമായി ചേർന്ന് 'ക്രോമസോം അറ്റ്‌ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്‌സ്' എന്ന പ്രശസ്ത റഫറൻസ് ഗ്രന്ഥം രചിച്ചത്. പ്രസ്തുത ഗ്രന്ഥം ഇന്നും സസ്യശാസ്ത്ര വിദ്യാർത്ഥികളുടെ പ്രമാണ ഗ്രന്ഥമാണ്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ക്ഷണപ്രകാരം ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനുവേണ്ടി ഡോ. ജാനകിയമ്മാൾ 1951ൽ ഇന്ത്യയിൽ തിരിച്ചെത്തുകയും ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സ്‌പെഷൽ ഓഫീസറായി ചുമതലയേൽക്കുകയും ചെയ്തു. പിന്നീട് അതിന്റെ ഡയറക്ടർ ജനറലായി. അലഹബാദിലെ സെൻട്രൽ ബോട്ടാണിക്കൽ ലബോറട്ടറി, ജമ്മുകാശ്മീരിലെ റീജിയണൽ റിസർച്ച് ലബോറട്ടറി, ബോംബെയിലെ ബാബാ അറ്റോമിക് റിസർച്ച് സെന്റർ എന്നീ സ്ഥാപനങ്ങളിലും ജാനകിയമ്മാൾ സേവനമനുഷ്ഠിച്ചു. ജോലിയിൽ നിന്നും വിരമിച്ച ശേഷം മദ്രാസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡി ഇൻ ബോട്ടണിയുടെ എമിരറ്റസ് സയന്റിസ്റ്റ് പദവിയിൽ ഗവേഷണവും പഠനവും തുടർന്നു. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള പഠനം ഔഷധസസ്യങ്ങളുടെ ഒരു പൂന്തോട്ടം തന്നെ നിർമ്മിക്കുന്നതിന് പ്രേരണനൽകി.
1984 ഫിബ്രവരി 7ന്. സസ്യങ്ങളെ പ്രാണനുതുല്യം സ്‌നേഹിച്ച ജാനകിയമ്മാൾ ഈ ലോകത്തോട് വിടപറഞ്ഞു. മദ്രാസ് യൂണിവേഴ്‌സിറ്റി സസ്യ ശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുള്ള മദുരവയൽ ഗവേഷണ ശാലയിൽ പ്രവർത്തനനിരതയായിരിക്കെയാണ് അവരുടെ അന്ത്യം. ജീവിതാവസാനം വരെയും പഠനത്തിനും ഗവേഷണത്തിനും വേണ്ടി ജീവിതം സമർപ്പിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ജാനകിയമ്മാൾ. വിവാഹജീവിതം പോലും ഉപേക്ഷിച്ചാണ് അവർ ശാസ്ത്രപഠനത്തിൽ മുഴുകിയത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വ്യാപകമായ തോതിൽ നടത്തിയ വനനശീകരണത്തിൽ അതീവ   ദുഃഖിതയായിരുന്നു അവർ. കേരളത്തിലെ സൈലന്റവാലി കാടുകൾ നശിപ്പിച്ച് അണക്കെട്ട് നിർമ്മിക്കാനുള്ള ശ്രമത്തെയും  ജാനകിയമ്മാൾ ശക്തമായി എതിർത്തിരുന്നു. അപൂർവ്വയിനം സസ്യങ്ങളുടെ കലവറ യാണ് സൈലൻവാലിയെന്ന്  ജാനകിയമ്മാൾ മനസ്സിലാക്കിയിരുന്നു. മഗ്‌നാലിയ എന്ന ഒരിനം വൃക്ഷത്തിന്റെ സങ്കരയിനം സൃഷ്ടിച്ചതുകൊണ്ട് 'മഗ്‌നാലിയ കോബൂസ് ജാനകിയമ്മാൾ'എന്ന പേരിൽ ഒരു പുഷ്പം തന്നെ നിലവിൽ ഉണ്ട്.

ലോകത്തിന് നൽകിയ സംഭാവനകൾ മാനിച്ച് 1977ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം ജാനകി അമ്മാളിനെ ആദരിച്ചു. സസ്യ-ജന്തുവിഭാഗങ്ങളിലെ വർഗ്ഗീകരണ ശാസ്ത്രമേഖലയിൽ (Taxonomy-) വിദഗ്ദ്ധസേവനം ചെയ്യുന്നവർക്കുള്ള ദേശീയ പുരസ്‌കാരം ജാനകിയമ്മാളിന്റെ പേരിലുണ്ട്. ലോകമറിഞ്ഞ ഈ മലയാളിയെ  കേരളം വേണ്ടത്ര ആദരിച്ചിട്ടില്ലെന്നത് ശാസ്ത്രപ്രതിഭകളോട് കേരളം പുലർത്തുന്ന നിസ്സംഗതയ്ക്ക്  ഉദാഹരണമാണ്. രാഷട്രീയ നേതാക്കളുടെ പേരിൽ പൊതു ഖജനാവിൽ നിന്ന് സർക്കാർ കോടികൾ ചെലവഴിച്ച്  സ്മാരകങ്ങളും മ്യൂസിയങ്ങളും  പടുത്തുയർത്തുമ്പോഴും ലോകം ആദരിച്ച ഈ സസ്യ ശാസ്ത്രജ്ഞക്ക്   ഉചിതമായ ഒരു സ്മാരകം ഒരുക്കാതത് ശാസ്ത്രത്തോടുള്ള വെല്ലുവിളി തന്നെയാണ്.

 

Latest News