സിയോള്‍ - ഷോപ്പിംഗ് നടത്തുന്നവരില്‍ നിന്ന് നറുക്കെടുത്ത് ലക്ഷക്കണക്കിന് രൂപ സമ്മാനം കൊടുക്കുന്നതൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്. കച്ചവടക്കാര്‍ തങ്ങളുടെ കച്ചവടം വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനുമൊക്കെയാണ് ഇങ്ങനെയുള്ള ഓഫറുകള്‍ സംഘടിപ്പിക്കാറുള്ളത്. പലപ്പോഴും അത് വന്‍വിയജമാകുകയും കച്ചവടം പൊടിപൊടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനും സമ്മാനം പ്രഖ്യപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒരു കുഞ്ഞിനെ ജനിപ്പിച്ചാല്‍ ദമ്പതികള്‍ക്ക് ഏതാണ്ട് 63 ലക്ഷം രൂപ കിട്ടും മൂന്ന് കുട്ടികളെ ജനിപ്പിച്ചാല്‍ ഒന്നേമുക്കാല്‍ കോടിയിലേറെയും.
ദക്ഷിണ കൊറിയയിലെ നിര്‍മ്മാണ കമ്പനിയായ ബൂയൂങ് ഗ്രൂപ്പാണ് കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജീവനക്കാര്‍ക്ക് വേണ്ടി വലിയ തുക ഓഫര്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. പുരുഷ ജീവനക്കാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഈ ഓഫര്‍ ലഭിക്കും. ദക്ഷിണ കൊറിയയില്‍ ജനന നിരക്ക് വളരെ കുറഞ്ഞ് വരികയാണ്. ഇതിന് ഒരു പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ കുട്ടികളുണ്ടാവാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇങ്ങനെ ഒരു സഹായം നല്‍കാന്‍ കമ്പനി തയ്യാറായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ദക്ഷിണ കൊറിയയിലാണ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക്. 2022 -ല്‍ 0.78 ആയിരുന്ന ഇത് 2025 -ല്‍ 0.65 ആയി കുറയുമെന്നാണ് കരുതുന്നത്. ഇതില്‍ വലിയ ആശങ്കയാണ് രാജ്യത്തിനുള്ളത്. കുട്ടികളെ ജനിപ്പിക്കുന്നത് എങ്ങനെയെങ്കിലും വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ബൂയൂങ് ഗ്രൂപ്പ് ഇങ്ങനെയൊരു പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്.
ജീവനക്കാരുടെ ഓരോ കുഞ്ഞിനും ഏകദേശം 63 ലക്ഷം രൂപയ്ക്ക് തുല്യമായ കൊറിയയിലെ കറന്‍സിയായ കൊറിയന്‍ വോണ്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇത് കൂടാതെ, മൂന്ന് കുട്ടികളുള്ള ജീവനക്കാര്‍ക്ക് ഒന്നുകില്‍ 300 ദശലക്ഷം കൊറിയന്‍ വോണ്‍ (അതായത് 1,86,68,970 രൂപ) പണമായോ വാടകവീടിന് വേണ്ടിയോ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.