ന്യൂദല്‍ഹി - മത്സര പരീക്ഷകളിലെ ക്രമക്കേട് തടയുന്നതിനുള്ള പൊതു പരീക്ഷ (അന്യായമായ മാര്‍ഗങ്ങള്‍ തടയല്‍) ബില്‍ പാര്‍ലിമെന്റ് പാസ്സാക്കി. ഈ മാസം ആറിന് ലോക്‌സഭ പാസാക്കിയ ബില്‍ കഴിഞ്ഞ ദിവസം രാജ്യസഭയും പാസ്സാക്കി. റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി ഉള്‍പ്പൈയുള്ള വിവിധ പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.
പൊതുപരീക്ഷകളിലെ അന്യായമായ മാര്‍ഗങ്ങള്‍ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങള്‍ക്കായി വ്യവസ്ഥ ചെയ്യുന്നതുമാണ് ബില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ചോദ്യപേപ്പറുകളുടെയോ ഉത്തര സൂചികകളുടെയോ ചോര്‍ച്ച, ഉത്തരക്കടലാസുകളില്‍ കൃത്രിമം കാണിക്കല്‍, സീറ്റ് ക്രമീകരണങ്ങളില്‍ കൃത്രിമം കാണിക്കല്‍, പണലാഭത്തിനായി വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കുക, തട്ടിപ്പിനായി വ്യാജ പരീക്ഷകള്‍ നടത്തുക തുടങ്ങിയവയും ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്.
വിവിധ ക്രമക്കേടുകള്‍ക്ക് പരമാവധി പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പൊതു പരീക്ഷക്കിടെ അന്യായമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന വ്യക്തികള്‍ക്ക് 35 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കൂടാതെ, പരീക്ഷക്ക് സഹായം ചെയ്യുന്നവര്‍ക്ക് ഒരു കോടി രൂപ വരെയും പിഴ ലഭിക്കും. പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി കണ്ടെത്തിയാല്‍ അത്തരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്ക് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കും. പൊതു പരീക്ഷ നടത്താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്ഥാപനം, ഡയറക്ടര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ്, പരീക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പരിധിയില്‍ വരും