Sorry, you need to enable JavaScript to visit this website.

'ഭാരത് അരി റേഷൻ കടകളിലെ അരി തന്നെ! വിലയിൽ വെട്ടിപ്പ്'; പിന്നിൽ ഗൂഢ തന്ത്രമെന്ന് മന്ത്രി ജി.ആർ അനിൽ

- കേരളത്തിലെ റേഷൻ കടകളിലൂടെ നാല് രൂപയ്ക്ക് നീല കാർഡുകാർക്കും 10 രൂപ 90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്ന ചാക്കരിയാണിപ്പോൾ ഭാരത് അരിയെന്ന് പറഞ്ഞ് 29 രൂപയ്ക്ക് വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടത്. ഇതേ അരി തന്നെയാണ് നിലവിൽ സപ്ലൈകോ വഴി 25 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ നൽകുന്നതെന്നും മന്ത്രി

തിരുവനന്തപുരം - സംസ്ഥാനത്തെ പൊതുവിതരണത്തെ അട്ടിമറിക്കാനും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ പറ്റിക്കാനുമുള്ള രാഷ്ട്രീയ മുതലെടുപ്പ് തന്ത്രമാണ് ഭാരത് അരിയുടെ മറവിൽ കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേന്ദ്ര സർക്കാറിന്റേത് ഫെഡറൽ തത്വങ്ങളുടെ നേരെയുള്ള നഗ്നമായ കടന്നാക്രമണം കൂടിയാണ്. റേഷൻ കടകൾ വഴി നൽകിയ അരി കൂടുതൽ വില ഈടാക്കി രാഷ്ട്രീയ തട്ടിപ്പിനും വെട്ടിപ്പിനുമാണ് മോഡി സർക്കാർ കളമൊരുക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
 കേരളത്തിലെ റേഷൻ കടകളിലൂടെ നാല് രൂപയ്ക്ക് നീല കാർഡുകാർക്കും 10 രൂപ 90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്ന ചാക്കരിയാണിപ്പോൾ ഭാരത് അരിയെന്ന് പറഞ്ഞ് 29 രൂപയ്ക്ക് വിൽക്കാൻ കേന്ദ്രം പദ്ധതിയിട്ടത്. ഇതേ അരി തന്നെയാണ് നിലവിൽ സപ്ലൈകോ വഴി 25 രൂപ നിരക്കിൽ സംസ്ഥാന സർക്കാർ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു. 29 രൂപയ്ക്ക് തെരഞ്ഞടുത്ത 500 പോയിന്റുകളിലൂടെ ഭാരത് അരി വിൽക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇത് സപ്ലൈകോ വഴിയുള്ള വിതരണം ഇല്ലാതാക്കാനും തെരഞ്ഞെടുപ്പ് നേട്ടം മുന്നിൽ കണ്ടാണെന്നും മന്ത്രി പറഞ്ഞു.
 കേരളത്തിൽ 14,250 കേന്ദ്രങ്ങളിൽ റേഷൻ കടകളുണ്ട്. രാജ്യത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് എൻ.എഫ്.എസ്.എ നിയമം നടപ്പാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റേഷകടകളിലൂടെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ടത്. ഈ പൊതുവുതരണ സമ്പ്രദായത്തെതന്നെ ആകെ അട്ടിമറിച്ചാണ് കേന്ദ്ര സർക്കാർ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാൻ കേന്ദ്രം നീക്കം നടത്തുന്നത്.
 സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുൻഗണനാ വിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷൻ നൽകുന്നത്. എഫ്.സി.ഐയിൽ അധികമുള്ള ഭക്ഷ്യധാന്യ സ്റ്റോക്ക്, ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരം ന്യായവിലയ്ക്ക് വില്ക്കുന്ന സംവിധാനത്തിൽ സ്വകാര്യ വ്യാപാരികൾക്ക് പോലും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ, സംസ്ഥാന സർക്കാരിനെയും സംസ്ഥാന സർക്കാരിന്റെ ഏജൻസികളെയും ബോധപൂർവ്വം കേന്ദ്രം ഇതിൽനിന്ന് വിലക്കിയിരിക്കുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഈ കേന്ദ്രനയങ്ങൾ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കും. ഈ സാഹചര്യത്തിൽ ബോധപൂർവ്വം വിലക്കയറ്റം സൃഷ്ടിക്കുകയും രാഷ്ട്രീയമായ മുതലെടുപ്പിന് ഭാരത് അരി ഉപയോഗിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിക്കാനുള്ളതാണ് ഈ നീക്കമെന്നും ഇതിനെതിരെ പ്രതിഷേധവുമായി കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

Latest News